ഇച്ഛാശക്തിയുടെ ആൾരൂപമായിരുന്ന മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് ഓർമ്മയായിട്ട് ഇന്നേക്ക് അഞ്ചാണ്ട്. കാരിരുമ്പിന്റെ കരുത്തും മധുരമുള്ള സ്‌നേഹ വാത്സല്യങ്ങളും നിറഞ്ഞ ജനകീയ നേതാവായിരുന്നു സുഷമ സ്വരാജ്. ബിജെപിയുടെ ദേശീയ നേതാവും ആദ്യ വനിതാ വക്താവുമായ അവർ നിരവധി പേരുടെ ആശ്രയമായിരുന്നു. ഏതൊരു പ്രവാസിയും വിഷമഘട്ടത്തിൽ ഓർത്തിരുന്ന ഒരു പേരായിരുന്നു സുഷമ സ്വരാജ് എന്നത്.
ഒന്നാം മോദി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യൻ ജനതയുടെ അമ്മയും, സഹോദരിയും ബന്ധുവുമൊക്കെ ആയിരുന്നു അവരെന്ന് പറയാവുന്നതാണ്. വിദേശത്ത് വിഷമതകൾ നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ എന്ത് വില കൊടുത്തും പരിഹരിച്ചിരുന്നു അവർ. സഹായം തേടി വന്ന ആരെയും മടക്കി അയച്ചിരുന്നില്ല സുഷമ എന്ന മഹത് വ്യക്തി. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ യുക്തമായ ഇടപെടലുകളിലൂടെ ഏവരുടെയും ആദരം പിടിച്ചുപറ്റാൻ അവർക്ക് സാധിച്ചിട്ടുണ്ട്.
വാക്കിലും നോക്കിലും തീപ്പൊരി പാറിക്കാൻ അവർക്കായി. ലഭ്യമായ വേദികളിലും അവസരങ്ങളിലും ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തി. ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചതും സുഷമ ആയിരുന്നു.
ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രുവരി 14-ന് ജനിച്ച സുഷമ, എഴുപതുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1977-ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1980-ൽ ജനതാ പാർട്ടിയിൽനിന്നു ജനസംഘ വിഭാഗം പിരിഞ്ഞ് ബിജെപി രൂപീകരിച്ചത് മുതൽ സുഷമ പാർട്ടിയിലുണ്ട്. പിന്നീട് ദേശീയനേതൃത്വത്തിലെത്തിയ അവർ രാജ്യസഭാംഗമായി. 1998-ൽ ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.
രണ്ടാം മോദി മന്ത്രി സഭയിൽ ഒഴികെ കേന്ദ്രത്തിലെ എല്ലാ ബിജെപി സർക്കാരിന്റെയും ഭാഗമായിരുന്നു സുഷമാസ്വരാജ്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2009-ൽ നടന്ന തെരഞ്ഞെടുപ്പിൽ 15-ാമത് ലോക്‌സഭയിലേക്ക് മധ്യപ്രദേശിലെ വിദിഷ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രിയായിരിക്കെ, സാധാരണക്കാർക്ക് ഏറ്റവും സ്വീകാര്യയായ മന്ത്രിയായി സുഷമാസ്വരാജ് അംഗീകരിക്കപ്പെട്ടു.
കേന്ദ്ര ആരോഗ്യമന്ത്രി എന്ന നിലയിൽ ഭോപ്പാൽ, ഭുവനേശ്വർ, ജോധ്പൂർ, പട്ന, റായ്പൂർ, ഋഷികേശ്, എന്നിവിടങ്ങളിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിച്ചു. രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ വരെ ലോകനേതാക്കളുമായി അടുപ്പം സൂക്ഷിച്ചിരുന്നു.
രാജ്യത്ത് ഒരു ദേശീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന ഖ്യാതിയും സുഷമയുടെ പേരിലാണ്. ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി, ബിജെപിയിൽ നിന്നുള്ള ആദ്യ വനിതാ മുഖ്യമന്ത്രി, മുഴുവൻ സമയ വിദേശകാര്യമന്ത്രിയായ ആദ്യ ഇന്ത്യൻ വനിത, ലോക്‌സഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവ് തുടങ്ങിയ ബഹുമതികളും സുഷമയ്‌ക്ക് സ്വന്തം.















