തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കയ്യുറ കൈയിൽ തുന്നിച്ചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് മുതുകിലെ ശസ്ത്രക്രിയക്കിടെ ദുരനുഭവമുണ്ടായത്. എന്നാൽ ചികിത്സാപിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും അധികൃതർ അറിയിച്ചു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 8 മണിക്കാണ് മുതുകിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി ഷിനു ജനറൽ ആശുപത്രിയിൽ എത്തിയത്. 12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് സ്റ്റിച്ച് ഇട്ട ഭാഗത്ത് കയ്യുറയും തുന്നിച്ചേർത്തായി കണ്ടതെന്നും പരാതിയിൽ പറയുന്നു.
മുതുകിൽ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടർന്നാണ് ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ഭേദമാകാനായി അഞ്ച് ദിവസത്തേക്ക് ആന്റിബയോട്ടിക് നൽകി. എന്നാൽ ഭേദമാകാത്തതിനെ തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വേദന കൊണ്ട് ഉറങ്ങാൻ പറ്റാതെ വന്നതോടെയാണ് മുറിവിലെ കെട്ട് അഴിച്ച് പരിശോധിച്ചത്. കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തിൽ തുന്നിച്ചേർത്ത് വച്ച നിലയിലാണ് കണ്ടതെന്നും സജിന പറഞ്ഞു.