ഉരുൾപൊട്ടൽ ഉണ്ടാക്കിയ നൊമ്പരത്തിന്റെ കഥ മാത്രമല്ല, ധീരതയുടെയും കഥ വയനാടിന് പറയാനുണ്ട്. കുതിച്ചു പാഞ്ഞെത്തിയ മല വെള്ളപ്പാച്ചിലിൽ പകച്ചുനിൽക്കാതെ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞനുജത്തിയെ നെഞ്ചോട് ചേർത്തു പിടിച്ച് ഓടി രക്ഷപ്പെട്ട ഏഴാം ക്ലാസുകാരന്റെ ധീരതയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ദുരന്തമുഖത്തെ കണ്ണീരണിയിക്കുന്ന കാഴ്ചകൾക്കിടയിൽ പതറാതെ കുഞ്ഞനുജത്തിയെയും കൊണ്ട് ഓടിരക്ഷപ്പെട്ട ചൂരൽമല വെള്ളാർ മല വിദ്യാലയത്തിലെ അശ്വജിത്ത് എന്ന വിദ്യാർത്ഥിക്ക് പറയാൻ ഏറെയുണ്ട്. തന്റെ അനുഭവം ജനം ടിവിയോട് പങ്കുവയ്‌ക്കുകയാണ് അശ്വജിത്ത്.
“ഉരുൾ പൊട്ടിയപ്പോൾ തന്നെ വീടെല്ലാം കുലുങ്ങിയിരുന്നു. ആ സമയത്ത് എല്ലാവരും തന്നെ ഓടി. ചിലർ മാത്രം അവിടെനിന്നു. താഴെ വീണ് കുറെ പേരുടെ തല പൊട്ടി. എന്നിട്ടും എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു. ആദ്യം ഉരുൾപൊട്ടിയപ്പോൾ കുറച്ചുനേരം ഞങ്ങൾ അവിടെ നിന്നു. വീണ്ടും പൊട്ടിയപ്പോൾ ഒരു വിറയൽ വന്നു. അപ്പോഴാണ് ഞാൻ അവളെയും എടുത്ത് ഓടിയത്”.
“അവിടെ ഒരു കുറ്റിക്കാട് ഉണ്ടായിരുന്നു. അങ്ങോട്ടാണ് ഞാൻ ഓടിയത്. എനിക്ക് പേടിയൊന്നും തോന്നിയില്ല. അമ്മ എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു. അനിയൻ മുന്നേ ഓടിപ്പോയി. എന്റെ പിന്നാലെ അച്ഛനും അമ്മയും. ഓടുന്നതിനിടയിൽ എന്റെ ചെരുപ്പിൽ ഒരു കല്ല് കുടുങ്ങി. അമ്മ അത് എടുത്തു കളഞ്ഞു”- അശ്വജി ജനം ടിവിയോട് പറഞ്ഞു.
“അന്ന് ഞങ്ങളെല്ലാവരും പേടിച്ചു. ഇളയ മകൻ കരച്ചിൽ തന്നെയായിരുന്നു. ഭൂമി വിറക്കുന്നു, പുഴയുടെ ഇരമ്പൽ, ഭയങ്കര ശബ്ദം. മക്കളെല്ലാം പേടിച്ചു വിറച്ചു. ആ സമയത്ത് രണ്ടാമതും ഉരുൾപൊട്ടി. രാത്രിയാണ് ഒന്നും കാണാൻ പറ്റുന്നില്ല. ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് വെള്ളം അടിച്ചു കയറി. കറന്റ് ഉണ്ടായിരുന്നില്ല. മകന്റെ കയ്യിലായിരുന്നു കുഞ്ഞ്. കുട്ടിയെ എടുത്ത് ഓടിക്കോളാൻ ഞാൻ പറഞ്ഞു. അങ്ങനെ അവൻ ഓടുകയായിരുന്നു. അതിനു പിന്നാലെ ഞങ്ങളും. അവിടെ നിന്ന് രക്ഷപ്പെട്ടു. രാവിലെ വന്നു നോക്കുമ്പോൾ, അത് ഞങ്ങളുടെ നാട് അല്ലായിരുന്നു. ഞങ്ങളുടെ എല്ലാവരും പോയി. അച്ഛനും അമ്മയും അനിയനും മകളും. ആരെയും കിട്ടിയിട്ടില്ല. വീടും പോയി എല്ലാം പോയി”-വിശ്വജിത്തിന്റെ അമ്മ പറഞ്ഞു.















