ബംഗ്ലാദേശ് കലാപത്തിനിടെ രാജ്യത്തെ ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണവുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിലുടനീളമുള്ള നിരവധി ക്ഷേത്രങ്ങളാണ് തകർക്കപ്പെട്ടത്. ബംഗ്ലാദേശിലെ ഖുൽന ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന മെഹർപൂരിലെ ഇസ്‌കോൺ ക്ഷേത്രമാണ് വ്യാപകമായ ആക്രമണത്തിന് ഇരയായത്.
ക്ഷേത്രം തീയിട്ട് നശിപ്പിക്കുകയും വിഗ്രഹങ്ങൾ അടിച്ചടയ്‌ക്കുകയും ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ രാജ്യത്ത് അശാന്തി തുടരുകയാണ്. ജഗന്നാഥൻ, ബലദേവ്, സുഭദ്രാദേവി തുടങ്ങി നിരവധി പ്രതിഷ്ഠകൾ അക്രമികൾ കത്തിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തലനാരിഴക്കാണ് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഹസീന പുറത്തായതിന്റെ പിന്നാലെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ സ്ഥിതി കൂടുതൽ അപകടകരമായിരിക്കുകയാണ്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദു ക്ഷേത്രങ്ങളുടെ സുരക്ഷയിൽ ആശങ്കകൾ പ്രകടിപ്പിക്കുകയാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾ.
ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും ബംഗ്ലാദേശിൽ സുരക്ഷിതരല്ലെന്നും പശ്ചിമ ബംഗാൾ, ത്രിപുര വഴി ഇന്ത്യയിലേക്ക് പലായനം ചെയ്യുകയാണെന്നുമാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച മാത്രം കുറഞ്ഞത് നാല് ഹിന്ദു ക്ഷേത്രങ്ങളെങ്കിലും തകർക്കപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ നേതാവ് കാജോൾ ദേബ്നാഥ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.















