മുംബൈ: പരിസ്ഥിതി സംരക്ഷണ മേഖലയിൽ യഥാർത്ഥ വൈദഗ്ധ്യമുള്ളവരുടെ അഭാവം കേരളത്തിലുണ്ടെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. പരിസ്ഥിതി വൈദഗ്ധ്യം അവകാശപ്പെടുന്നവരെല്ലാം വ്യാജന്മാരാണ്. വനം വകുപ്പ് ശരിക്കും വനം സംരക്ഷ്ഷിക്കുകയല്ല ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾ തന്നെയാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടത്. അവർക്കാണ് അതിന് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പലയിടത്തും ജനങ്ങൾ തന്നെ പരിസ്ഥിതിയെ സംരക്ഷിക്കുന്നുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറായ സർപ്പക്കാവുകൾ ഇതിന് ഉദാഹരണമാണെന്നും ഗാഡ്ഗിൽ വ്യക്തമാക്കി.
ക്വാറികളുടെ നിരന്തര പ്രവർത്തനവും പാറപൊട്ടിക്കലുമാണ് വയനാടിനെ ദുരന്തത്തിലേക്ക് തള്ളി വിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിൽ സംഭവിച്ചത് മനുഷ്യ നിർമിത ദുരന്തമാണ്. പ്രദേശത്തെ റിസോർട്ടുകളും അനധികൃത നിർമാണവും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും നിർമാണങ്ങൾ നടക്കുന്നു. പ്രകൃതിയെ മറന്നുള്ള നിർമാണങ്ങൾക്ക് കൂട്ടുനിൽക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം ഉരുൾപൊട്ടാൻ കാരണമാകും. പാറ പൊട്ടിക്കുന്നത് മണ്ണിന്റെ ബലം കുറയാൻ കാരണമാകും. അതിശക്തമായ മഴ പെയ്തിറങ്ങുന്നതോടെ മണ്ണൊലിച്ച് ദുരന്തത്തിന് വഴിയൊരുക്കുമെന്നും ഗാഡ്ഗിൽ കൂട്ടിച്ചേർത്തു.
തന്റെ കണ്ടെത്തലുകളിൽ ഉറച്ചുനിൽക്കുന്നു. സാധ്യമായ എല്ലാ പഠനങ്ങളും വസ്തുതകളും മനസിലാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.പശ്ചിമഘട്ടത്തിനായും പരിസ്ഥിതിക്കായും സാധാരണ ജനങ്ങൾക്കായും പോരാട്ടം തുടരുമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. കേരളത്തിലെ പരിസ്ഥിതി ലോല പ്രദർശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാകുമെന്ന് മാധവ് ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകുന്നു.















