ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന മേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഷിരൂർ- ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജീർണ്ണാവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് നീന്തൽ വിദഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞു. കാലിൽ വല കുടുങ്ങിയ നിലയിലുള്ള മൃതദേഹം ഇന്ന് രാവിലെയാണ് മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ ഭാഗത്ത് മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടി മത്സ്യത്തൊഴിലാളികൾ അനൗദ്യോഗികമായി തിരച്ചിൽ നടത്തിയിരുന്നു. അർജുന്റേതാണോ അതോ മറ്റാരുടേതെങ്കിലും ആണോ എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി കരയിലെത്തിച്ചതിന് ശേഷം തുടർ പരിശോധനകൾ നടത്തും. ഇതിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളു.