ജമ്മു: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു. 1,873 യാത്രികരുടെ മറ്റൊരു ബാച്ച് ജമ്മുവിൽ നിന്ന് നോർത്ത് കശ്മീർ ബാൽട്ടാൽ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടതോടെയാണ്അമർനാഥ് യാത്ര ചൊവ്വാഴ്ച പുനരാരംഭിച്ചത് . ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ അഞ്ചാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ അമർനാഥ് യാത്ര തിങ്കളാഴ്ച ഒരു ദിവസത്തേക്ക് നിർത്തിവച്ചിരുന്നു.
ഈ വർഷം ജൂൺ 29 ന് തീർത്ഥാടനം ആരംഭിച്ച ദിവസം മുതൽ അഞ്ച് ലക്ഷത്തോളം ഭക്തർ വിശുദ്ധ ഗുഹാക്ഷേത്രത്തിനുള്ളിൽ ‘ദർശനം’ നടത്തിയതായി യാത്രയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ശ്രീ അമർനാഥ്ജി ദേവാലയ ബോർഡ് (എസ്എഎസ്ബി) അധികൃതർ പറഞ്ഞു.
തീർഥാടകരുടെ യാത്ര സുരക്ഷിതമാക്കാൻ ജമ്മുവിൽ നിന്ന് രണ്ട് ബേസ് ക്യാമ്പുകളിലേക്കുള്ള റൂട്ടിലുടനീളം പോലീസും സിഎപിഎഫു കാരും ഉൾപ്പെടെയുള്ള വലിയൊരു സുരക്ഷാ സേന 24 മണിക്കൂറും ഡ്യൂട്ടി ചെയ്യുന്നുണ്ട്. ഇതുകൂടാതെ, യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രാൻസിറ്റ് ക്യാമ്പുകൾ, ബേസ് ക്യാമ്പുകൾ, ഗുഹാക്ഷേത്രം എന്നിവിടങ്ങളിൽ മതിയായ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. മലയോര യാത്ര അനായാസമായി നടത്താൻ യാത്രക്കാർക്ക് സഹായം നൽകാൻ നാട്ടുകാരും രംഗത്തുണ്ട്. ശ്രാവണ പൂർണിമ, രക്ഷാബന്ധൻ ആഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 19 ന് ഈ വർഷത്തെ യാത്ര സമാപിക്കും.















