ബെംഗളൂരു: കോൺഗ്രസിനെ കടന്നാക്രമിച്ച് കർണാടക ബിജെപി അദ്ധ്യക്ഷൻ വൈ വിജയേന്ദ്ര. ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും വഞ്ചിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും അഴിമതി നടത്തുകയാണെന്ന് വിജയേന്ദ്ര തുറന്നടിച്ചു. കർണാടകയിൽ പൊലീസ് സബ് ഇൻസ്‌പെക്ടർ പരശുറാം മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
” മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും ചേർന്ന് പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. അടുത്തിടെ മരണപ്പെട്ട യാദ്ഗിർ പൊലീസ് സബ് ഇൻസ്‌പെക്ടർ പരശുറാമിന് കോൺഗ്രസ് എംഎൽഎ ചെന്ന റെഡ്ഡി പട്ടീലിൽ നിന്നും അദ്ദേഹത്തിന്റെ മകനിൽ നിന്നും ആക്രമണം നേരിടേണ്ടി വന്നതായി ബന്ധുക്കൾ പറയുന്നു. പൊലീസ് സബ് ഇൻസ്‌പെക്ടറായി തുടരണമെങ്കിൽ 30 ലക്ഷം രൂപ നേതാക്കൾ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്‌ക്ക് കത്തയച്ചിട്ടുണ്ട്.”- വൈ വിജയേന്ദ്ര പറഞ്ഞു.
സബ് ഇൻസ്‌പെക്ടറുടെ മരണത്തിൽ നിരവധി തവണ അദ്ദേഹത്തിന്റെ ഭാര്യ പരാതി നൽകിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് സൂപ്രണ്ട് വൈകിപ്പിച്ചതായും ആരോപണങ്ങളുണ്ട്. കോൺഗ്രസ് എത്രത്തോളം പാവപ്പെട്ടവരെ വഞ്ചിക്കുകയാണെന്ന് ഇത്തരം സംഭവങ്ങളിൽ നിന്ന് മനസിലാക്കാമെന്നും വിജയേന്ദ്ര കൂട്ടിച്ചേർത്തു.
മുഡ അഴിമതിയിൽ സിദ്ധരാമയ്യയ്‌ക്ക് പങ്കുണ്ടെന്ന് നിസംശയം പറയാം. ഭരണഘടനയോടും ജനാധിപത്യത്തോടും കോൺഗ്രസിന് അൽപമെങ്കിലും ബഹുമാനുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.















