ന്യൂഡൽഹി: യു കെയിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ. രാജ്യത്തെ വിവിധ നഗരങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന അക്രമാസക്തമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈകമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
യു.കെയിലെ നഗരങ്ങൾക്കിടയിൽ യാത്രചെയ്യുമ്പോൾ ജാഗരൂകരായിരിക്കണമെന്നും ജാഗ്രത പാലിക്കണെമന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു. യു കെ യിലെ നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാർ പുറത്തിറങ്ങുമ്പോൾ പ്രാദേശിക വാർത്ത ഏജൻസികളുടേയോ സുരക്ഷാ ഏജൻസികളുടേയോ മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒരു കാരണവശാലും പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
Advisory for Indian Citizens visiting the UK.@VDoraiswami @sujitjoyghosh @MEAIndia pic.twitter.com/i2iwQ7E3Og
— India in the UK (@HCI_London) August 6, 2024
കഴിഞ്ഞയാഴ്ച വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സൗത്ത്‌പോർട്ടിൽ മൂന്ന് പെൺകുട്ടികൾ കുത്തേറ്റ് മരിച്ച സംഭവമാണ് നിലവിൽ നടക്കുന്ന പ്രക്ഷോഭങ്ങളിലേക്ക് വഴിതുറന്നത് . പെൺകുട്ടികളെ കൊലപ്പെടുത്തിയതിന് പിന്നിൽ ബ്രിട്ടണിലേക്ക് കുടിയേറി വന്നവരാണെന്ന വിലയിരുത്തലിനെ തുടർന്ന് രാജ്യത്ത് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയായിരുന്നു.