ന്യൂഡൽഹി: ബംഗ്ലാദേശിൽ ആളിപ്പടരുന്ന പ്രക്ഷോഭാന്തരീക്ഷത്തെക്കുറിച്ചും അത് ഇന്ത്യയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ലോക്സഭയിൽ വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. നിലവിൽ ബംഗ്ലാദേശിൽ 19,000 ഇന്ത്യൻ പൗരന്മാർ കുടുങ്ങിക്കിടക്കുകയാണെന്നും അതിൽ 9,000 പേരും വിദ്യാർഥികളാണെന്നും ജയശങ്കർ പറഞ്ഞു.
ബംഗ്ലാദേശിലുണ്ടായിരുന്ന ഭൂരിഭാഗം ഇന്ത്യക്കാരും കഴിഞ്ഞ ജൂലൈയിൽ തന്നെ നാട്ടിൽ തിരിച്ചെത്തി. ഇപ്പോൾ പ്രക്ഷോഭ ഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ സമൂഹവുമായി കേന്ദ്ര സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറണമെന്ന് അവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളതായും ജയശങ്കർ കൂട്ടിച്ചേർത്തു.
“ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. അവരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാൻ വിവിധ ഗ്രൂപ്പുകളും സംഘടനകളും മുൻകൈയെടുക്കുന്നുണ്ടെങ്കിലും രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതുവരെ ഞങ്ങൾ ഉത്കണ്ഠാകുലരാണ്. പ്രതിഷേധം കെട്ടടങ്ങി ബംഗ്ലാദേശ് എത്രയും വേഗം സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കുന്നത് ,” ജയശങ്കർ പറഞ്ഞു.
തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡൻ വ്യോമയാന താവളത്തിൽ വന്നിറങ്ങിയത്. പിന്നാലെ എൻഎസ്എ അജിത് ഡോവലുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും അവർ കൂടിക്കാഴ്ച നടത്തിയിരുന്നു. കലാപത്തെ തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.