‘ഡാഡിസ് ലിറ്റിൽ പ്രിൻസസ്’ എന്നാണ് പൊതുവെ പെൺമക്കളെ പറയുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ കാര്യവും ഇതിൽ നിന്ന് വിഭിന്നമല്ല. രാജകുമാരികളെ പോലെ രണ്ട് പെൺമക്കളാണ് അദ്ദേഹത്തിനുള്ളത്. അവരുടെ പ്രത്യേകതകൾ തന്നെ എപ്പോഴും പ്രചോദിപ്പിക്കാറുണ്ടെന്നും പട്ടു വസ്ത്രങ്ങളോ തുകൽ ഉത്പന്നങ്ങളോ താൻ വാങ്ങാത്തതിന്റെ പിന്നിലുള്ള കാരണം മക്കളാണെന്നും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
പ്രിയങ്ക, മഹി ദിവ്യാംഗരായ രണ്ട് പെൺമക്കളാണ് ഡിവൈ ചന്ദ്രചൂഢിനുള്ളത്. അവരുടെ പ്രത്യേകതകൾ തന്നെയും ഭാര്യയെയും പലപ്പോഴും അത്ഭുതപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ജീവജാലങ്ങളെ ദ്രോഹിക്കാതെ ജീവിക്കണമെന്ന് പഠിപ്പിച്ചത് മക്കളാണ്. അതിനാലാണ് അഹിംസയുടെ പാത താനും ഭാര്യം തെരഞ്ഞെടുത്ത് സസ്യാഹാരികളായതെന്ന് അദ്ദേഹം പറയുന്നു.
പട്ടുനൂൽ പുഴുക്കളിൽ നിന്നും ചെമ്മരിയാടുകളിൽ നിന്നും നിർമിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കാറില്ല. ഭാര്യയും അങ്ങനെ തന്നെ. പട്ടുവസ്ത്രങ്ങളും തുകൽ വസ്ത്രങ്ങളും ഒഴിവാക്കാണമെന്ന് പഠിപ്പിച്ചതും മക്കളാണെന്നും അദ്ദേഹം പറഞ്ഞു.
2015ൽ അലഹബാദ് കോടതി ചീഫ് ജസ്റ്റിസായിരിക്കുമ്പോഴാണ് ചന്ദ്രചൂഢ് ദിവ്യാംഗരായ രണ്ട് കുട്ടികളെ ദത്തെടുത്തത്. അവർ രണ്ട് പേരും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും എന്നാൽ മക്കൾ തങ്ങളുടെ ജീവിതം മാറ്റിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. മക്കൾക്ക് പ്രത്യേക സ്‌കൂളുകളും പ്രത്യേക പരിഗണനയും ആവശ്യമാണ്. എന്നാൽ അവരുടെ ചിന്തകൾക്ക് മുതിർന്ന ഒരു വ്യക്തിയുടെ ചിന്തകളെക്കാൾ മൂർച്ഛയുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഡിവൈ ചന്ദ്രചൂഢ് വ്യക്തമാക്കി.