പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്‌ക്ക് ഗുസ്തിയിലെ ആദ്യം മെഡൽ ഉറപ്പിച്ച് വിനേഷ് ഫോഗട്ട്. 50 കിലോ വിഭാഗത്തിൽ ക്യൂബൻ താരത്തെ വീഴ്‌ത്തിയാണ് ഇന്ത്യൻ താരം ഫൈനലിലേക്ക് മാർച്ച് ചെയ്തത്. 5-0 എന്ന സ്കോറോടെ ആധികാരിക വിജയവുമായാണ് വിനേഷ് ചരിത്ര ഫൈനൽ ഉറപ്പിച്ചത്. ഗോദയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് വിനേഷ്.യൂസ്നെലിസ് ഗുസ്മാനെയാണ് സെമിയിൽ ഇന്ത്യൻ താരം മലർത്തിയടിച്ചത്.
ക്വാർട്ടറിൽ യുക്രെയിൻ താരം ഒക്സനെയെ 7- 5 എന്ന പോയിന്റിന് തകര്‍ത്താണ് സെമി ഉറപ്പിച്ചത്.ആദ്യ മത്സരത്തിൽ ഈ വിഭാഗത്തിലെ നിലവിലെ ചാമ്പ്യനായ ജപ്പാൻ താരം യുയി സുസാകിയെ ആണ് വിനേഷ് ഞെട്ടിച്ചത്.
വമ്പൻ അട്ടിമറിയോടെ 3-2 എന്ന സ്കോറിനാണ് ജപ്പാൻ താരത്തെ വീഴ്‌ത്തി ഇന്ത്യൻ റെസ്ലർ മുന്നേറിയത്. ഒരു അന്താരാഷ്‌ട്ര മത്സരത്തിലെ ആദ്യത്തെ പരാജയമായിരുന്നു ജപ്പാൻ താരത്തിന്റേത്. ഒളിമ്പിക്സിലെ ഒന്നാം സീഡാണ് ജപ്പാൻ താരം.