ബംഗ്ലാദേശിൽ സംവരണത്തിനെതിരെ ആരംഭിച്ച പ്രതിഷേധത്തിന്റെ ചൂട് ഇപ്പോൾ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരായ അക്രമമായി മാറിയിരിക്കുകയാണ് . രാജ്യത്ത് കലാപം ശക്തമായതിന് പിന്നാലെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയും രാജ്യം വിടുകയും ചെയ്തു. ബംഗ്ലാദേശിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അവിടെ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയും നിരവധി വീടുകൾ തകർക്കുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ സോനു സൂദ്.
ഒരു ബംഗാളി സ്ത്രീയുടെ വീഡിയോ പങ്ക് വച്ചാണ് സോനു സൂദിന്റെ കുറിപ്പ് . “ഒരു ബംഗ്ലാദേശി ഹിന്ദു തന്റെ വേദന വിവരിക്കുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ എങ്ങനെയാണ് കൂട്ടക്കൊല ചെയ്യപ്പെടുന്നതെന്ന് പറയുന്നു, തന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യയിലേക്ക് വരാൻ അവർ ആഗ്രഹിക്കുന്നു.“എന്ന കുറിപ്പും സോനു സൂദ് പങ്ക് വച്ചിട്ടുണ്ട്. ഒപ്പം ‘ നമ്മുടെ സഹ ഇന്ത്യക്കാരെ ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം, അതുവഴി അവർക്ക് ഇവിടെ നല്ല ജീവിതം ലഭിക്കും. ഇത് പരമാവധി ചെയ്യുന്ന നമ്മുടെ സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ജയ് ഹിന്ദ്.‘ എന്നും സോനു സൂദ് കുറിച്ചു.