പാരിസ്: ഒളിമ്പിക്‌സ് ഗുസ്തിയിൽ മെഡൽ ഉറപ്പിച്ച ഇന്ത്യയ്‌ക്ക് നിരാശ. 50 കിലോ വിഭാഗത്തിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഒളിമ്പിക്‌സിൽ രാവിലെ നടന്ന ഭാര പരിശോധനയിൽ താരം പരാജയപ്പെടുകയായിരുന്നു. അനുവദനീയം ആയതിലും 100 ഗ്രാം ഭാരം കൂടുതലായതിനെ തുടർന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്.
വിനേഷിന് ഒളിമ്പിക് മെഡൽ നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഗുസ്തിയിൽ 50 കിലോ വിഭാഗത്തിലാണ് വിനേഷ് യോഗ്യത നേടിയത്. ഗുസ്തിയുടെ നിയമമനുസരിച്ച് യോഗ്യത റൗണ്ട് ദിവസവും ഫൈനലിന് മുമ്പും ഭാര പരിശോധനയ്‌ക്ക് താരങ്ങൾ വിധേയമാകണമെന്നാണ് നിയമം. ഇതനുസരിച്ച് ഭാര പരിശോധന നടത്തിയപ്പോഴാണ് 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയത്.
ഇന്നലെ നടന്ന മത്സരത്തിൽ 50 കിലോ വിഭാഗത്തിൽ ക്യൂബൻ താരത്തെ വീഴ്‌ത്തിയാണ് വിനേഷ് ഫൈനലിലേക്ക് എത്തിയത്. ഗോദയിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ താരമായിരുന്നു വിനേഷ് ഫോഗട്ട്. യൂസ്‌നെലിസ് ഗുസ്മാനെയാണ് സെമിയിൽ താരം തോൽപ്പിച്ചത്.















