കൊൽക്കത്ത: നാരദ സ്റ്റിംഗ് ഓപ്പറേഷൻ കേസിൽ മാദ്ധ്യമ പ്രവർത്തകൻ മാത്യു സാമുവലിന് വീണ്ടും സമൻസ് അയച്ച് സിബിഐ. ചോദ്യം ചെയ്യലിനായി സിബിഐയുടെ ബെംഗളൂരുവിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നാരദ കുംഭകോണക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. സിആർപിസി സെക്ഷൻ 160 പ്രകാരം സാമുവലിന് ഇമെയിൽ വഴി നോട്ടീസ് നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്കാണ് അന്വേഷണ ഏജൻസി സാമുവലിനോട് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. 2014 ൽ പശ്ചിമ ബംഗാളിൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം 2016 ൽ പ്രസിദ്ധീകരിച്ചിരുന്നു. മുൻപ് ജൂലൈ 16 നും മാത്യു സാമുവലിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാൽ ആ സമയം തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ യുഎസിൽ ആയിരുന്നതിനാൽ അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ സിബിഐ മൂന്ന് തവണ സാമുവലിനെ കൊൽക്കത്ത ഓഫീസിലേക്കും വിളിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ബെംഗളൂരുവിൽ താമസിക്കുന്ന സാമുവൽ, ചോദ്യം ചെയ്യലിൽ പങ്കെടുക്കാൻ തനിക്ക് കൊൽക്കത്തയിലേക്ക് പോകാൻ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് അന്വേഷണ ഏജൻസിക്ക് മറുപടി നൽകുകയായിരുന്നു.
അദ്ദേഹത്തിന്റെ അപ്പീലിന് ശേഷം, ജൂലൈ 16 ന് കേന്ദ്ര അന്വേഷണ ഏജൻസി അദ്ദേഹത്തെ അവരുടെ ബെംഗളൂരു ബ്യൂറോയിലേക്ക് വിളിപ്പിച്ചിരുന്നു, എന്നാൽ യുഎസിലായതിനാൽ അദ്ദേഹത്തിന് ഹാജരാകാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് അന്വേഷണ ഏജൻസി വീണ്ടും അദ്ദേഹത്തിന് സമൻസ് അയച്ചിരിക്കുന്നത്.