പാരിസ് ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ നിമിഷനേരങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞത്. 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ച വിനേഷ് ഫോഗട്ട് മത്സരത്തിന്റെ അവസാനഘട്ടത്തിനടുത്തെത്തിയപ്പോൾ പിന്തള്ളപ്പെട്ടത് അവസാന സ്ഥാനത്തേക്ക്. രാജ്യം കടുത്ത നിരാശയിലൂടെ കടന്നു പോകുമ്പോൾ മെഡൽ നഷ്ടത്തിൽ തന്റെ വിഷമവും പങ്കുവച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും.
” നോ, നോ, നോ! അതൊരു ദുഃസ്വപ്‌നമാകണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നാളെ ഉറക്കം ഉണരുമ്പോൾ കേട്ടതൊന്നും സത്യമല്ലെന്ന വാർത്ത വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ”- ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു. 100 ഗ്രാം ഭാരം കൂടിയതിനെ തുടർന്നാണ് വിനേഷിനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയത്.
NO! NO! NO!
Please make this a bad dream that I will wake up from and find it isn’t true… https://t.co/T5BLQCkLVI
— anand mahindra (@anandmahindra) August 7, 2024
സെമി ഫൈനൽ മത്സരത്തിന് ശേഷം ഭാരം കൂടാതിരിക്കാൻ താരം കടുത്ത പരിശീലനങ്ങളും വ്യായാമങ്ങളും ചെയ്തിരുന്നു. ഗുസ്തിയുടെ നിയമമനുസരിച്ച് യോഗ്യത റൗണ്ട് ദിവസവും ഫൈനലിന് മുമ്പും ഭാര പരിശോധനയ്‌ക്ക് താരങ്ങൾ വിധേയമാകണമെന്നാണ്. ഇതനുസരിച്ച് ഭാര പരിശോധന നടത്തിയപ്പോഴാണ് വിനേഷിന് 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയത്. പുനഃപരിശോധനയ്‌ക്ക് സാധ്യമല്ലെന്നും വിനേഷിന്റെ ഒളിമ്പിക് മെഡൽ നഷ്ടപ്പെടുമെന്നും ഐഒസി സ്ഥിരീകരിച്ചു. സെമി ഫൈനലിൽ വിനേഷ് പരാജയപ്പെടുത്തിയ ക്യൂബൻ താരമായിരിക്കും ഫൈനലിൽ ഗോദയിലിറങ്ങുക. ആനന്ദ് മഹീന്ദ്രയ്‌ക്ക് പുറമെ താരത്തെ ആശ്വസിപ്പിച്ചും അഭിനന്ദിച്ചും പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമുൾപ്പെടയുള്ള നേതാക്കളും കായിക താരങ്ങളും രംഗത്തെത്തിയിരുന്നു.















