വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ താൽപര്യമുള്ളവർക്ക് നിർദേശങ്ങളുമായി വയനാട് ജില്ലാ കളക്ടർ മേഘശ്രീ. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടികളെ ദത്തെടുക്കുന്നതിനും ഫോസ്റ്റർ കെയറിനും താത്പര്യമുള്ളവർ അതത് ജില്ലകളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റികളുമായോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുമായോ ബന്ധപ്പെടാമെന്ന് കളക്ടർ അറിയിച്ചു. വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ഫോൺ നമ്പറുകളും കളക്ടർ പങ്കുവച്ചിട്ടുണ്ട്.
മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങളെ 2015-ലെ കേന്ദ്ര ബാലനീതി നിയമ പ്രകാരമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖാന്തരം സർക്കാർ സംരക്ഷിക്കുന്നത്. ബാലനീതി നിയമം-2015, അഡോപ്ഷൻ റെഗുലേഷൻ-2022 എന്നീ നിയമങ്ങളുടെ നിയമപരമായ നടപടികളിലൂടെയാണ് ദത്തെടുക്കലും പോറ്റിവളർത്തലും ( FOSTER CARE) നടക്കുന്നത്.
CARA (Central Adoption Resource Authority) യുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ച് യോഗ്യരായവർക്ക് മാത്രമേ ദത്തെടുക്കാൻ സാധിക്കുകയുള്ളൂ. ആറ് വയസ് മുതൽ 18 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് കുടുംബാന്തരീക്ഷമൊരുക്കുന്നതിനും താത്കാലികമായ ഒരു കാലയളവിലേക്ക് കുട്ടികളെ പോറ്റിവളർത്താനും ഇതിലൂടെ സാധിക്കുമെന്നും കളക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി 04936 285050 – ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC), 04936 246098 – ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വയനാട് എന്നിവരുമായി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.