ന്യൂഡൽഹി: ഇന്ത്യയും യു കെയും പങ്കെടുക്കുന്ന ബഹുരാഷ്‌ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തിയെ അഭിനന്ദിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സുരക്ഷാ സഹകരണം കടലിനും ഭൂമിക്കും വായുവിനും അപ്പുറം വ്യാപിച്ചു കിടക്കുന്നതാണെന്ന് കാമറൂൺ പ്രശംസിച്ചു.
” ഇന്ത്യൻ വ്യോമ സേന (IAF) ആദ്യത്തെ ബഹുരാഷ്‌ട്ര വ്യോമാഭ്യാസമായ തരംഗ് ശക്തി സംഘടിപ്പിച്ചതിൽ ഞാൻ അഭിനന്ദിക്കുന്നു. യു.കെയുടെ റോയൽ എയർഫോഴ്‌സും (RAF) അതിൽ പ്രധാന പങ്കാളിയായതിൽ സന്തോഷമുണ്ട് . സുരക്ഷയിലും പ്രതിരോധത്തിലും ഞങ്ങളുടെ സഹകരണം കടലിലും കരയിലും വായുവിലും വ്യാപിച്ചുകിടക്കുന്നു. ഇന്തോ-പസഫിക്കിലെ സുസ്ഥിരത കാത്തുസൂക്ഷിക്കാനും അഭിവൃദ്ധി വർദ്ധിപ്പിക്കാനും നമ്മുടെ സായുധ സേന ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്,” കാമറൂൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ എയർ അഡ്വൈസറായ ഗ്രൂപ്പ് ക്യാപ്റ്റൻ നീൽ ജോൺസും’തരംഗ് ശക്തിയെ’ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളിലെയും വ്യോമസേനകൾ തമ്മിൽ നിലവിലുള്ള ബന്ധത്തിൽ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നു അദ്ദേഹം പറഞ്ഞു.
The skies over Sulur witnessed the launch of Exercise TarangShakti 24. Air Marshal Amar Preet Singh VCAS of #IAF welcomes German Air Force Cmdr Lt Gen Ingo Gerhartz and French, Spanish fighter jets in a spectacular aerial rendezvous, kicking off Phase-I.#ExTarangShakti24 #IAF… pic.twitter.com/yLNHSjM1Ua
— Indian Air Force (@IAF_MCC) August 6, 2024
ഇന്ത്യയുടെ ആദ്യത്തെ ബഹുരാഷ്‌ട്ര വ്യോമാഭ്യാസമായ ‘തരംഗ് ശക്തി 2024’ തമിഴ്‌നാട്ടിലെ സുലാറിൽ ഇന്നലെയാണ് ആരംഭിച്ചത്. 30 രാജ്യങ്ങളാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, സ്പെയിൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യു.കെ , യുഎസ്എ, സിംഗപ്പൂർ തുടങ്ങീ പത്ത് രാജ്യങ്ങൾ അവരുടെ യുദ്ധവിമാനങ്ങളുമായി അഭ്യാസത്തിൽ പങ്കുചേരുമ്പോൾ മറ്റു രാജ്യങ്ങൾ നിരീക്ഷകരായി പങ്കെടുക്കും .
രണ്ട് ഘട്ടങ്ങളായാണ് ഈ അഭ്യാസം നടക്കുന്നത്. ആദ്യഘട്ടം ഓഗസ്റ്റ് 6 മുതൽ 14 വരെ തമിഴ്‌നാട്ടിലെ സുലാറിലും രണ്ടാം ഘട്ടം ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 14 വരെ രാജസ്ഥാനിലെ ജോധ്പൂരിലും നടക്കുമെന്ന് ചീഫ് എയർ മാർഷൽ എ പി സിംഗ് അറിയിച്ചു. ഇന്ത്യയുടെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കാനും പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിലെ സൈനികർക്ക് പരസ്പര സഹകരണം വളർത്തുന്നതിനുമുള്ള വേദിയാകും തരംഗ് ശക്തി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.















