ന്യൂഡൽഹി: വഖഫ് ബോർഡുകളെ നിയന്ത്രിക്കുന്ന നിയമഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിക്കുന്നത്. സെൻട്രൽ പോർട്ടൽ വഴി വഖഫ് ബോർഡ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ വേഗത്തിലാക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്.
എട്ട് ലക്ഷം ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വസ്തുവകകൾ രാജ്യത്തുടനീളമുള്ള 30 വഖഫ് ബോർഡുകളാണ് നിയന്ത്രിക്കുന്നത്. വഖഫ് സ്വത്തുക്കളിൽ നിന്ന് ലഭിക്കുന്ന എല്ലാ വരുമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കണമെന്നാണ് പുതിയ ബില്ലിൽ പരാമർശിക്കുന്നത്. മുസ്ലീം സ്ത്രീകൾക്കും അമുസ്ലിംങ്ങൾക്കും വഖഫ് ബോർഡിൽ
അംഗമാകാമെന്നും നിർദ്ദിഷ്ട ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
മുസ്ലീം സമുദായങ്ങൾക്കിടയിലെ ഷിയാ, സുന്നി, ബൊഹ്‌റ, അഗാഖാനി മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ പ്രാതിനിധ്യവും ബില്ലിൽ പരാമർശിക്കുന്നു. എന്നാൽ ബിൽ പാസാക്കുന്നതിനെതിരെ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് വിവിധ വാദങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. വഖഫ് ബോർഡിന്റെ അധികാരത്തിലേക്ക് കടക്കുന്നത് വച്ചുപൊറുപ്പിക്കരുതെന്നും ബിൽ പാസാക്കാൻ അനുവദിക്കരുതെന്നും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.















