ധാക്ക: ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് നയിക്കും. സത്യപ്രതിജ്ഞ നാളെയുണ്ടാകുമെന്ന് (വ്യാഴാഴ്ച) ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വാക്കർ – ഉസ്-സമൻ അറിയിച്ചു. നാളെ വൈകുന്നേരം 8 മണിയോടെയായിരിക്കും സത്യപ്രതിജ്ഞ. ഉപദേശക സമിതിയിൽ 15 ഓളം അംഗങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് പലായനം ചെയ്തതിന് പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇന്നലെ 84 കാരനായ മുഹമ്മദ് യൂനുസിനെ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവനായി തെരഞ്ഞെടുക്കുകയായിരുന്നു.
ബംഗ്ലാദേശിൽ ഗ്രാമീണ ബാങ്ക് സ്ഥാപിച്ച് ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ നൽകി രാജ്യപുരോഗതിക്ക് സംഭാവന നൽകിയയാളാണ് മുഹമ്മദ് യൂനുസ്. ഇടക്കാല സർക്കാരിനെ നയിക്കാൻ സന്നദ്ധതയറിയിച്ച് യൂനുസ് ഇന്നലെ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്‌ക്കായി അങ്ങനൊരു തീരുമാനം അനിവാര്യമാണെങ്കിൽ അതുസ്വീകരിക്കാൻ താൻ തയ്യാറാണെന്ന് യൂനുസ് വ്യക്തമാക്കിയിരുന്നു.















