ചെന്നൈ : ബിഎസ്പി തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് കെ ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് യൂത്ത് കോൺഗ്രസ് സംസ്ഥാനനേതാവിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. തമിഴ്‌നാട് യൂത്ത് കോൺഗ്രസ് പ്രിൻസിപ്പൽ ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ വ്യാസർപാടി സ്വദേശി എൻ അശ്വത്ഥാമൻ (32) ആണ് പിടിയിലായത്.
നിലവിൽ ഇതേകേസിൽ വെല്ലൂർ ജയിലിൽ കഴിയുന്ന നാഗേന്ദ്രന്റെ മകനാണ് എൻ അശ്വത്ഥാമൻ എന്നാണ് പോലീസ് പറയുന്നത്.ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഇയാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഭൂമി തർക്കത്തെ തുടർന്ന് അശ്വത്ഥാമനും ആംസ്‌ട്രോങ്ങും തമ്മിൽ വഴക്കുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ അശ്വത്ഥാമന്റെ പങ്ക് വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.
അശ്വത്ഥാമന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എം ലെനിൻ പ്രസാദ് അശ്വത്ഥാമനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചു. പാർട്ടിയുടെ മൂല്യങ്ങളോടും തത്വങ്ങളോടും എൻ അശ്വത്ഥാമൻ പൊരുത്തക്കേട് കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമാണെന്ന ബിഎസ്‍പി ദേശീയ പ്രസിഡൻ്റ് മായാവതിയുടെ ആവശ്യത്തിനെതിരെ കോൺഗ്രസ് തമിഴ്‍നാട് ഘടകം രംഗത്ത് വന്നിരുന്നു.ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.സെൽവപെരുന്തഗൈ പറഞ്ഞത്
കൂടുതൽ വായിക്കുക
ആംസ്‌ട്രോങ്ങിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കേണ്ട; മായാവതിയുടെ ആവശ്യത്തിനെതിരെ കോൺഗ്രസ്……
അശ്വത്ഥാമന്റെ അറസ്റ്റോടെ കേസിൽ ഇതുവരെ 22 പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ അഞ്ചിനാണ് കെ ആംസ്ട്രോങ്ങിനെ വീടിന് സമീപം ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.















