ഇന്നുമൊരു ഓഗസ്റ്റ് എട്ട്, ഇന്ത്യ ഏറെ നിരാശയോടെ നോക്കി കാണുന്ന ദിനം. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആ വലിയ നിരാശയ്ക്ക് ഇന്ന് 40 വയസ്. ലോസാഞ്ചലസ് ഒളിമ്പിക്സിലെ 400 മീറ്റർ ഹർഡിൽസിൽ പിടി ഉഷയെന്ന പയ്യോളി എക്സ്പ്രസിന് സെക്കൻഡിന്റെ നൂറിൽ ഒരംശത്തിന് വെങ്കല മെഡൽ നഷ്ടമായത് 1984-ലാണ്.
തലനാരിഴയെന്ന വാക്കിന്റെ അർത്ഥം ഇന്ത്യ നേരത്തെ അറിഞ്ഞത് പിടി ഉഷയിലൂടെയായിരുന്നു. ആദ്യഫലപ്രഖ്യാപനത്തിൽ 20-കാരിയായ ഉഷയ്ക്കായിരുന്നു വെങ്കലമെങ്കിൽ നിമിഷങ്ങൾ കൊണ്ടാണ് എല്ലാം മേൽക്കീഴ് മറിഞ്ഞത്. റുമേനിയക്കാരി ക്രിസ്റ്റീന കൊജോകരു 55.41 സെക്കൻഡിൽ മൂന്നാമതെത്തിയപ്പോൾ 55.42 സെക്കൻഡിലാണ് നാലാമതെത്തിയത്. 1980 മോസ്കോ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ ഇന്ത്യൻ വനിതയായിരുന്നു പിടി ഉഷ.
നാല് പതിറ്റാണ്ട് ദൈർഘ്യമുള്ള വേദനയുടെ കയ്പ്പേറിയ ഓർമകൾ നെഞ്ചിലേറ്റുുന്ന ഓരോ ഭാരതീയന്റെയും മനസിലേക്ക് തീ കോരിയിട്ടാണ് വീണ്ടും ഒളിമ്പിക്സ് വേദിയിൽ നിന്ന് നിരാശയുടെ വാർത്ത വരുന്നത്. ഉഷയ്ക്ക് നൂറിലൊരംശമായിരുന്നെങ്കിൽ വിനേഷ് ഫോഗട്ടിന് വെറും നൂറ് ഗ്രാം ഭാരമാണ് തിരിച്ചടി നൽകിയത്. ഫോഗട്ടിന്റെ ദൗർഭാഗ്യത്തിന് സാക്ഷിയായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അദ്ധ്യക്ഷ കുപ്പായമണിഞ്ഞ് ഉഷയുമുണ്ടായിരുന്നു.