ന്യൂഡൽഹി: ബംഗ്ലാദേശിലെ കലാപത്തെയും അസ്ഥിരമായ രാഷ്‌ട്രീയ സാഹചര്യത്തെയും തുടർന്ന് രാജ്യത്തെ എല്ലാ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവ തുറന്നുപ്രവർത്തിക്കില്ല. കലാപം രൂക്ഷമായതിനെത്തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിൽ താൽക്കാലിക അഭയം തേടിയിരുന്നു.
“അസ്ഥിരമായ സാഹചര്യം കാരണം എല്ലാം ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്ററുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കുന്നതല്ല. അടുത്ത അപേക്ഷാ തീയതി എസ്എംഎസ് വഴി അറിയിക്കും. അറിയിക്കുന്ന പ്രവർത്തി ദിനങ്ങളിൽ പാസ്‌പോർട്ട് എടുക്കാൻ അഭ്യർത്ഥിക്കുന്നു,” ഇന്ത്യൻ വിസയ്‌ക്ക് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടലിലെ സന്ദേശത്തിൽ പറയുന്നു.
ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെയും കോൺസുലേറ്റിലെയും അധിക ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തിരികെ ഇന്ത്യയിലേക്ക് എത്തിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് പുതിയ തീരുമാനം. എന്നിരുന്നാലും ഇന്ത്യൻ നയതന്ത്രജ്ഞർ ബംഗ്ലാദേശിൽ തുടരുന്നുണ്ട്. എംബസിയും പ്രവർത്തനക്ഷമമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ഇന്ത്യക്ക് ഒരു ഹൈക്കമ്മീഷനും ചിറ്റഗോംഗ്, രാജ്ഷാഹി, ഖുൽന, സിൽഹെറ്റ് എന്നിവിടങ്ങളിൽ കോൺസുലേറ്റുകളും ഉണ്ട്.
അതേസമയം, ബംഗ്ലാദേശിൽ സൈന്യത്തിന്റെ പിന്തുണയുള്ള ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും ഗ്രാമീൺ ബാങ്ക് സ്ഥാപകനുമായ മുഹമ്മദ് യൂനുസാണ് കാവൽ സർക്കാരിനെ നയിക്കുക.