ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് (Waqf (Amendment) Bill, 2024) പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കോൺഗ്രസ് സർക്കാർ തന്നെ രൂപീകരിച്ച സച്ചാർ കമ്മിറ്റി നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ബിൽ രൂപീകരിച്ചിരിക്കുന്നതെന്നും കിരൺ റിജിജു പ്രതിപക്ഷത്തെ ഓർമിപ്പിച്ചു.
പ്രതിപക്ഷം മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വരെ മുസ്ലീം സംഘടനകളുടെ പ്രതിനിധികൾ തന്നെ കാണാൻ വന്നിരുന്നു. വഖഫ് ബോർഡുകൾ കയ്യാളുന്നത് മാഫിയകളാണെന്ന് പല മുസ്ലീം പ്രതിനിധികളും തന്നോട് പറഞ്ഞു. ഈ ബില്ലിനെ വ്യക്തിപരമായി പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടെ നിലപാട് മറ്റൊന്നായതിനാൽ പുറത്ത് പറയാൻ സാധിക്കില്ലെന്നും ചില പാർലമെന്റ് അംഗങ്ങൾ പറഞ്ഞു. ബില്ല് നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യത്താകമാനം പ്രതികരണങ്ങൾ തേടിയിരുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു.
പാർലമെന്റ് അംഗങ്ങളെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തുന്നതോ ചേർത്തുവായിക്കുന്നതോ ശരിയല്ലെന്നും കിരൺ റിജിജു ചൂണ്ടിക്കാട്ടി. വിവിധ മതത്തിലുള്ളവർ വഖഫ് ബോർഡിൽ അംഗമായിരിക്കണമെന്ന് നിർബന്ധിക്കുന്നതല്ല ബിൽ. വഖഫ് ബോർഡിൽ ഒരു പാർലമെന്റ് അംഗം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് ബിൽ മുന്നോട്ട് വയ്‌ക്കുന്നത്. ആ പാർലമെന്റ് അംഗം ഹിന്ദുവോ ക്രിസ്ത്യനോ ആകുന്നതിന് എന്തുചെയ്യാൻ കഴിയും. വഖഫ് ബോർഡിൽ അംഗമാകുന്നുവെന്ന് കരുതി ആ എംപിയുടെ മതം മാറ്റാൻ കഴിയുമോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
പ്രതിപക്ഷം എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയാണെന്നും കിരൺ റിജിജു അറിയിച്ചു. സൂക്ഷ്മ പരിശോധന വേണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് നടപടി.