ന്യൂഡൽഹി: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോടൊപ്പം എത്തിയവർ മടങ്ങുന്നു. ഹസീനയുടെയും സഹോദരി രെഹാനയുടെയും സഹായികളായെത്തിയവരാണ് ഇന്ത്യയിൽ നിന്ന് മടങ്ങുന്നത്.
ഓഗസ്റ്റ് 5നായിരുന്നു ബംഗ്ലാദേശിൽ കലാപം രൂക്ഷമായതിനെത്തുടർന്ന് ഷെയ്ഖ് ഹസീന പ്രാണരക്ഷാർത്ഥം ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് രാജ്യം വിടാൻ ഷെയ്ഖ് ഹസീനയ്‌ക്ക് സൈന്യം അനുവദിച്ചത് 45 മിനിറ്റ് മാത്രമായിരുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു . ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്ന അവർ കൈയിൽ കിട്ടിയ അത്യാവശ്യ സാധനങ്ങൾ മാത്രമെടുത്താണ് സഹായികൾക്കൊപ്പം
മിലിട്ടറി ട്രാൻസ്‌പോർട്ട് ജെറ്റിൽ ഇന്ത്യയിലേക്ക് എത്തിയത്.
തിങ്കളാഴ്ച ഉത്തർപ്രദേശിലെ ഹിൻഡൺ എയർബേസിലെത്തിയ ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ കാണുകയും അടിയന്തര സഹായം നൽകി അവരെ ഡൽഹിയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. യുകെയിലേക്കോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തിലേക്കോ അവർ അഭയം തേടുമെന്നാണ് റിപ്പോർട്ടുകൾ.















