തൊഴില്‍ നിയമലംഘകരെയും അനധികൃത താമസക്കാരെയും കണ്ടെത്തുന്നതിനുള്ള പരിശോധന ബഹ്‌റൈനില്‍ ശക്തമാക്കി. നിരവധി നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
തൊഴില്‍ നിയമലംഘനങ്ങളും റെസിഡന്‍സി നിയമലംഘനങ്ങളും കണ്ടെത്തുന്നതിനാണ് രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലും വ്യാപക പരിശോധന നടക്കുന്നത് . കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1,411 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ഇതിൽ 100 തൊഴില്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 350 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.
നാടുകടത്തിയവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, പൊലീസ്, വ്യവസായ വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്. നിയമവിരുദ്ധമായ തൊഴിൽ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ എൽഎംആർഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഇലക്‌ട്രോണിക് ഫോം വഴിയോ അല്ലെങ്കിൽ 17506055 എന്ന നമ്പറിൽ വിളിച്ച് പരാതി നൽകാം.













