പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷ വച്ച ഇനമാണ് ഹോക്കി. വർത്തമാനകാലത്ത് ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ചവച്ച് വമ്പന്മാരെ പോലും കീഴടക്കിയ ഹോക്കി ടീം പാരിസിലും നേട്ടം ആവർത്തിച്ചു. നായകൻ ഹർമൻപ്രീത് സിംഗിന്റെ തോളേറി ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി വഴങ്ങാതെ സെമി ഫൈനലിലേക്ക്. സെമിയിൽ ജർമ്മനിയോട് പൊരുതി തോറ്റെങ്കിലും ഹർമൻപ്രീതിന്റെ നേതൃമികവ് ആ മത്സരത്തിലും ശോഭിച്ചു. 10 ഗോളുകളാണ് ഇന്ത്യൻ നായകന്റെ പേരിൽ പാരിസിൽ പിറന്നത്.
ശക്തമായ പ്രതിരോധവും മദ്ധ്യനിരയും ഇന്ത്യൻ ടീമിന്റെ നട്ടെല്ലായിരുന്നു. സെൻട്രൽ ഡിഫൻസിൽ മികച്ച പ്രകടനമാണ് ഹർമൻപ്രീത് കാഴ്ചവച്ചത്. പെനാൽറ്റി കോർണറുകൾ ഗോളാക്കി മാറ്റുന്നതിലെ വൈദഗ്ധ്യം വെങ്കല മെഡൽ പോരാട്ടത്തിലും താരം ആവർത്തിച്ചു. പെനാൽറ്റി കോർണറിലൂടെയായിരുന്നു ഇരട്ട ഗോൾനേട്ടം.
ഇടക്കാലത്ത് നഷ്ടപ്പെട്ട ഹോക്കിയിലെ പ്രതാപം ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ കഴുത്തിലണിഞ്ഞാണ് വീണ്ടെടുത്തത്. ആ വെങ്കലത്തിളക്കം പാരിസിലും ടീം ഇന്ത്യ നിലനിർത്തി. 52 വർഷങ്ങൾക്ക് ശേഷമാണ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം തുടർച്ചയായി മെഡൽ നേടുന്നത്. സ്‌പെയിനിനെ 2-1ന് തോൽപ്പിച്ചായിരുന്നു മെഡൽ നേട്ടം.