ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ മാലദ്വീപിലേക്ക്. ഞായറാഴ്ച വരെ ജയ്ശങ്കർ മാലദ്വീപിൽ തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചകളിൽ ചർച്ചയാകും. വിദേശകാര്യമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ജയശങ്കറിന്റെ ആദ്യ മാലദ്വീപ് സന്ദര്ശനമാകും ഇത്.
ജൂൺ 9 ന് നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രിസഭയുടെയും സത്യാപ്രതിജ്ഞ ചടങ്ങിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ജയ്ശങ്കറിന്റെ സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ അയൽരാജ്യമാണ് മാലദ്വീപ്. ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും മാലദ്വീപ് ആശ്രയിച്ചിരുന്നത് ഇന്ത്യയെയാണ്. എന്നാൽ കഴിഞ്ഞ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭാരതത്തേയും അവഹേളിച്ചുകൊണ്ട് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തിൽ ഉലച്ചിൽ തട്ടി.
മാലദ്വീപിനെതിരെ കടുത്ത നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്. അവശ്യവസ്തുക്കളുടെ കയറ്റുമതി നിർത്തരുതെന്ന് മാലദ്വീപ് അപേക്ഷിച്ചതോടെ ഇന്ത്യ അത് തുടരുകയും ചെയ്തിരുന്നു. തർക്കങ്ങൾക്ക് പിന്നാലെ ഇന്ത്യയെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും മാലദ്വീപ് സജീവമാക്കിയിരുന്നു. ലക്ഷദ്വീപിനെ വിനോദസഞ്ചാര കേന്ദ്രമായി പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയതോടെ ആയിരുന്നു മാലദ്വീപ് മന്ത്രിമാർ വിമർശനവുമായി എത്തിയത്. ഇന്ത്യയുമായുളള പ്രശ്‌നം മാലദ്വീപിന്റെ വിനോദസഞ്ചാര മേഖലയിലടക്കം തിരിച്ചടിയായിരുന്നു.