ന്യൂഡൽഹി: ഹർ ഘർ തിരംഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും. രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ക്യാമ്പെയ്ൻ. കഴിഞ്ഞ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമ്പെയ്ൻ ആഹ്വാനം ചെയ്തിരുന്നു.
ഹർ ഘർ തിരംഗ പരിപാടി ദേശീയ ഉത്സവമായി ആഘോഷിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നുവെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. ഓഗസ്റ്റ് 11 മുതൽ 13 വരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപി തിരംഗ യാത്രകൾ സംഘടിപ്പിക്കും. 14-ന് എല്ലാ ജില്ലകളിലും വിഭജന അനുസ്മരണ ദിനം നിശബ്ദ മാർച്ചോടെ ആചരിക്കുമെന്നും ചുഗ് പറഞ്ഞു. രാജ്യത്തെ എല്ലാ ബൂത്തുകളിലും ത്രിവർണ പതാക എത്തുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചരണത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ദേശീയ പതാക ഉയർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കിടാനും നിർദ്ദേശമുണ്ട്. hargartiranga.com എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കേണ്ടത്. ഉടൻ തന്നെ സർട്ടിഫിക്കറ്റും ഫോണിലെത്തും. ഇതോടെ ക്യാമ്പെയ്നിന്റെ ഭാഗമാകും. 2022 മുതലാണ് ബിജെപിയുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ ഹർഘർ തിരംഗ ക്യാമ്പെയ്ൻ നടത്തുന്നത്.















