ന്യൂഡൽഹി : ആഘോഷവേളകളിൽ രാഖിയും , കുറിയും ധരിച്ച് വരുന്ന കുട്ടികളെ ശിക്ഷിച്ചാൽ ഇനി നടപടിയുണ്ടാകുമെന്ന് ബാലാവകാശ കമ്മീഷൻ . ഉത്സവകാലങ്ങളിൽ ഇവ ധരിച്ചെത്തുന്ന കുട്ടികൾക്കെതിരായ ശാരീരിക ശിക്ഷകളും വിവേചനങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകൾക്ക് ദേശീയ ബാലാവകാശ സംരക്ഷണ സമിതി ദേശീയ കമ്മീഷൻ നിർദ്ദേശം നൽകി.
സ്കൂൾ അധ്യാപകരും ജീവനക്കാരും കുട്ടികളെ ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്ന റിപ്പോർട്ടുകളിൽ NCPCR ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ആശങ്ക രേഖപ്പെടുത്തി. ആഘോഷത്തിന്റെ പരമ്പരാഗത ചിഹ്നങ്ങളായ രാഖികൾ, തിലകങ്ങൾ, മെഹന്ദികൾ എന്നിവ ധരിക്കാൻ കുട്ടികളെ അനുവദിക്കാത്തതും അതിന്റെ ഫലമായി ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്ന സംഭവങ്ങൾ പ്രിയങ്ക് കനൂംഗോ എഴുതിയ കത്തിൽ എടുത്തുകാണിക്കുന്നു.
സ്‌കൂളുകളിലെ ശാരീരിക ശിക്ഷ നിരോധിക്കുന്ന 2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആർടിഇ) സെക്ഷൻ 17 ന്റെ ലംഘനമാണ് ഇത്തരം നടപടികളെന്നും പ്രിയങ്ക് കനൂംഗോ പറഞ്ഞു.ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളും യുടികളും ബന്ധപ്പെട്ട അധികാരികൾക്ക് അടിയന്തര നിർദ്ദേശങ്ങൾ നൽകണമെന്നും എൻസിപിസിആർ അഭ്യർത്ഥിച്ചു.















