പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനും പരിശീലക സംഘത്തിനും പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. താരങ്ങൾക്ക് 15 ലക്ഷം രൂപ വീതവും പരിശീലക സംഘത്തിൽ ഉൾപ്പെട്ടവർക്ക് 7.5 ലക്ഷം രൂപയുമാണ് ലഭിക്കുക. 52 വർഷങ്ങൾക്ക് ശേഷമാണ് തുടർച്ചയായ രണ്ട് ഒളിമ്പിക്‌സുകളിൽ ഇന്ത്യ മെഡൽ നേടുന്നത്.
പഞ്ചാബ്, ഒഡീഷ സർക്കാരുകളും താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിൽ നിന്നുള്ള താരങ്ങൾക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു. അമിത് രോഹിദാസിന് 4 കോടിയും ടീമിലെ മറ്റ് താരങ്ങൾക്ക് 15 ലക്ഷം രൂപയും സപ്പോർട്ടിംഗ് താരങ്ങൾക്ക് 10 ലക്ഷം രൂപയുമാണ് ഒഡീഷ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നിലനിർത്തിയത്. നായകൻ ഹർമൻപ്രീത് സിംഗാണ് രണ്ട് ഗോളുകളും നേടിയത്. മാർക്ക് മിറാലസിന്റെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോൾ. ഗോൾമുഖത്തെ പി ആർ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.















