മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരേ കാലയളവിൽ പഠിച്ചവരാണ് സൂപ്പർസ്റ്റാർ രജനികാന്തും നടൻ ശ്രീനിവാസനും. നടനാകാൻ പഠിക്കാൻ ചെന്ന തന്നെ ഒരുപാട് പേർ കളിയാക്കിയിട്ടുണ്ടെന്ന് ശ്രീനിവാസൻ തന്നെ പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന സമയത്ത് ശ്രീനിവാസൻ നേരിട്ട പരിഹാസങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ചലച്ചിത്രകാരനായ ആദം അയൂബ്. രൂപത്തിന്റെ പേരിൽ ശ്രീനിവാസൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ടെന്നും രജനീകാന്തും താനും ഉൾപ്പെടെയുള്ള സീനിയേഴ്സ് അദ്ദേഹത്തെ റാഗ് ചെയ്തിട്ടുണ്ടെന്നും ആദം അയൂബ് പറയുന്നു.
“ഞങ്ങൾ രണ്ടു വർഷത്തെ കോഴ്സാണ് പഠിച്ചത്. ഞാനും രജനീകാന്തും ഒരേ ക്ലാസ്സിൽ. ഞങ്ങളുടെ ജൂനിയർ ആയിരുന്നു ശ്രീനിവാസൻ. ഞങ്ങൾക്കു ശേഷം വന്ന ബാച്ചിൽ ഉണ്ടായിരുന്ന ആളാണ് ചിരഞ്ജീവി. അവരുമായി ഞങ്ങൾക്ക് പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ പാസായ ശേഷമാണ് അവർ പഠിക്കാൻ വരുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നിറങ്ങി നേരെ സിനിമയിലേക്കാണ് ഞങ്ങൾ പോയത്”.
“ഒരു ആക്ടർ ആകാൻ കഴിവ് വേണം എന്നുള്ളത് നിർബന്ധമാണ്. എന്നാൽ ലക്ക് വേണം. അതൊരു പ്രധാന ഘടകമാണ്. എനിക്ക് ലക്ക് വളരെ കുറവാണ്. ലക്ക് വേണം, പക്ഷേ ലുക്ക് പ്രശ്നമല്ല. ശ്രീനിവാസൻ ആദ്യമായി ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നപ്പോൾ ഞങ്ങൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ റാഗ് ചെയ്തു. രജനീകാന്ത് ആയിരുന്നു റാഗിങ്ങിന്റെ ഉസ്താദ്. അദ്ദേഹമായിരുന്നു ഓരോരുത്തരെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്നത്”.
“വളരെ മെലിഞ്ഞ ശരീരം, കുറ്റി മുടി, കുഴിഞ്ഞ കണ്ണ്, ഒട്ടിയ കവിൾ. ഇതായിരുന്നു ശ്രീനിവാസന്റെ രൂപം. ഒരു പ്രാകൃത രൂപം. എല്ലാവർക്കും പുച്ഛം ആയിരുന്നു ശ്രീനിവാസനോട്. ‘ഇവൻ എന്ത് കണ്ടിട്ടാണ് സിനിമയിൽ അഭിനയിക്കാൻ വന്നത്’ എന്നിങ്ങനെ ചോദിച്ചു കളിയാക്കുമായിരുന്നു. പക്ഷേ അതിൽ പലരും എവിടെയും എത്തിയില്ല. എന്നാൽ തിരക്കഥാകൃത്ത്, സംവിധായകൻ എന്നുമാത്രമല്ല ശ്രീനിവാസൻ മലയാളത്തിലെ ഏറ്റവും നല്ല നടനുമായി. അന്ന് ഒന്നിനും കൊള്ളില്ല, ലുക്കില്ല എന്നു പറഞ്ഞ് കളിയാക്കിയ ആളാണ്. പക്ഷേ ശ്രീനിവാസിന് ലക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന് കഴിവും ഉണ്ടായിരുന്നു”- ആദം അയൂബ് പറഞ്ഞു.















