ചെന്നൈ: വഖഫ് നിയമഭേദഗതി കൊണ്ടുവന്നതിൽ കേന്ദ്രസർക്കാരിന് സർക്കാരിന് നന്ദി അറിയിച്ച് തമിഴ്നാട് തിരുച്ചെന്തുറൈയിലെ ജനങ്ങൾ. നിലവിലെ വഖഫ് നിയമം തമിഴ്നാട്ടിൽ മുസ്ലിം ജനതയെ ഉൾപ്പെടെയാണ് ബാധിക്കുന്നതെന്നും തിരുച്ചെന്തുറൈ നിവാസികൾ ജനം ടിവിയോട് പറഞ്ഞു.
തിരുച്ചെന്തുറൈയിലെ ക്ഷേത്രങ്ങളിൽ വഖഫ് ബോർഡ് ഉന്നയിക്കുന്ന വകാശവാദം തെറ്റാണ്. തങ്ങളുടെ പ്രദേശത്തിലെ ഇരുപതോളം ക്ഷേത്രങ്ങളിലും, 3 പഞ്ചായത്തിലെ മുഴുവൻ ഭൂമിയിലുമാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് വഖഫ് നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവരുന്നതെന്നും പ്രദേശവാസികൾ സൂചിപ്പിച്ചു.
തിരുച്ചെന്തുറൈയിൽ ക്ഷേത്രങ്ങൾ നിലനിൽക്കുന്ന ഭൂമി തങ്ങളുടെതാണെന്നാണ് വഖഫ് ബോർഡിന്റെ വാദം. അന്തനല്ലൂർ, തിരുച്ചെന്തുറൈ, മേക്കുടി എന്നീ പഞ്ചായത്തുകളിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ ഇവിടെയുള്ള ക്ഷേത്രങ്ങൾ 2,000 – 3,000 വർഷം പഴക്കമുള്ളതാണെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. രാജരാജ ചോളന്റെ കാലത്ത് പണിതീർത്തതാണ് ക്ഷേത്രങ്ങൾ എന്നുള്ളതിന് തെളിവുകളുണ്ടെന്നുമാണ് വിശ്വാസികൾ പറയുന്നത്. 2022ലാണ് പ്രദേശത്തെ ക്ഷേത്രങ്ങളിലും മൂന്ന് പഞ്ചായത്തുകളിലും വഖഫ് ബോർഡ് അവകാശവാദവുമായി രംഗത്തുവന്നത്.
വഖഫ് ബോർഡിന് ഒത്താശ ചെയ്യുന്ന സമീപനമാണ് ഡിഎംകെ എംപിമാരുടേതെന്ന് ഗ്രാമവാസികൾ ചൂണ്ടിക്കാട്ടുന്നു. പാർലമെന്റിൽ തങ്ങൾക്ക് അനുകൂലമായി ഒരക്ഷരം പോലും ഡിഎംകെ അംഗങ്ങൾ ശബ്ദിക്കുന്നില്ല. സ്വന്തം ഭൂമിയിൽ ഉടമസ്ഥാവകാശം തെളിയിക്കേണ്ട ഗതികേടിലാണ് തങ്ങൾ. പ്രദേശത്തെ ഭൂമിയുടെ വില കുത്തനെ ഇടിഞ്ഞു. ബാങ്കുകൾ വായ്പ നൽകാതെയായി. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് തങ്ങൾ അനുഭവിക്കുന്നതെന്നും തിരുച്ചെന്തുറൈ ഗ്രാമവാസികൾ പറയുന്നു.
രാജഗോപാൽ എന്ന പ്രദേശവാസി തന്റെ മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോഴാണ് അത് വഖഫ് ബോർഡിന്റേതാണെന്ന അറിയിപ്പ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് ചോളന്മാർ നിർമ്മിച്ച 1,300 വർഷം പഴക്കമുള്ള ചന്ദ്രശേഖര ക്ഷേത്രം ഉൾപ്പെടെ കൈക്കലാക്കാൻ വഖഫ് ബോർഡ് നീക്കം നടത്തുന്നതായി പ്രദേശവാസികൾ തിരിച്ചറിയുകയായിരുന്നു. വിഷയത്തിൽ ബിജെപിയും മറ്റ് ഹിന്ദുസംഘടനകളും വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സംഭവത്തെ നിയമപരമായി നേരിട്ട് മുന്നോട്ടു പോകുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവരുന്നത്. നിയമഭേദഗതിയിലൂടെ പ്രദേശത്തെ മുസ്ലിം സമുദായത്തിനും ഗുണം ചെയ്യുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
തിരുച്ചിറപ്പള്ളി കേന്ദ്രമാക്കി ഭരിച്ചിരുന്ന നവാബ് അൻവറുദ്ദീൻ 3 നൂറ്റാണ്ട് മുമ്പ് ഗ്രാമം മുഴുവൻ ഇസ്ലാം മതനിയമ പ്രകാരം മതാവശ്യത്തിനായി ദാനം അഥവ വഖഫ് നൽകിയതാണെന്നും സ്വാതന്ത്ര്യാനന്തരം ഈ ഭൂമി തങ്ങളുടേതാണെന്നുമാണ് വഖഫ് ബോർഡ് പറയുന്നത്. എന്നാൽ മുഗളന്മാർ ഇന്ത്യയിൽ എത്തുന്നതിനു മുൻപ് പണിതീർത്ത ക്ഷേത്രമാണ് പ്രദേശത്തുള്ളതെന്നും അവകാശവാദം അടിസ്ഥാനരഹിതവും, രേഖകളില്ലാത്തതാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.















