ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിമെഡൽ നേടിയതിന് അഭിനന്ദനവും അറിയിച്ചു. പരിക്കിനെക്കുറിച്ചുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രധാനമന്ത്രി നീരജ് ചോപ്രയെ ഫോണിൽ വിളിച്ചത്.
രാജ്യത്തിന് വീണ്ടും നിങ്ങൾ അഭിമാനമായിരിക്കുകയാണ്. രാത്രി 1 മണിക്ക് പോലും ജനങ്ങൾ നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നീരജ് ചോപ്രയെ പിന്തുണച്ച കുടുംബത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിലെത്തിയിട്ട് നേരിട്ട് കാണുമ്പോൾ വിശദമായി സംസാരിക്കാമെന്നും ഫോൺ സംഭാഷണത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു. ഫിറ്റനസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും നല്ല രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതിനും മോദി പ്രശംസിച്ചു.
ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പോസ്റ്റിലൂടെയും അഭിനന്ദിച്ചിരുന്നു. വരാനിരിക്കുന്ന കായികതാരങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിനും ഇന്ത്യയുടെ അഭിമാനമുയർത്തുന്നതിനും നീരജ് തുടർന്നും പ്രചോദനമേകുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
നീരജ്ചോപ്ര അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്. അത് അദ്ദേഹം വീണ്ടും തെളിയിച്ചു. വീണ്ടുമൊരു ഒളിമ്പിക് വിജയം ഇന്ത്യക്ക് സമ്മാനിച്ചതിൽ രാജ്യം സന്തോഷത്തിലാണ്. വെള്ളിമെഡൽ നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ പ്രചോദനം വരും തലമുറയിലെ എണ്ണമറ്റ അത്‌ലറ്റുകൾക്ക് സ്വപ്നങ്ങൾ പിന്തുടരുന്നതിനും നമ്മുടെ രാജ്യത്തിന് അഭിമാനമാകുന്ന തരത്തിലേക്ക് വളരാനും അവർക്ക് ഊർജം പകരും..–പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രണ്ടാമത്തെ ത്രോയിലാണ് നീരജ് വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. സീസണിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണിത്. 92.97 മീറ്റർ എറിഞ്ഞ പാകിസ്താൻ താരം അർഷദ് നദീം ആണ് ഈയിനത്തിൽ സ്വർണം നേടിയത്. ഒളിമ്പിക് റെക്കോര്‍ഡോടെയാണ് അർഷദിന്റെ നേട്ടം. ടോക്കിയോ ഒളിമ്പിക്‌സിൽ അർഷദ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇക്കുറി പാകിസ്താന്റെ ഏക മെഡൽ ജേതാവ് കൂടിയാണ് അർഷദ്.















