ന്യൂഡൽഹി: സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ കലാപം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തികളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കമ്മിറ്റി രൂപീകരിച്ച് കേന്ദ്രസർക്കാർ. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഇന്ത്യക്കാരുടെയും ഹിന്ദുക്കളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കർ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സിൽ പങ്കുവച്ച ട്വീറ്റിലാണ് ഇക്കാര്യം വിശദീകരിച്ചത്.
” ബംഗ്ലാദേശിലെ നിലവിലെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് കേന്ദ്രസർക്കാർ കമ്മിറ്റി രൂപികരിച്ചു. ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെയും ഹിന്ദുക്കളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പവരുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ അധികൃതരുമായി ആശയവിനിമയം നടത്തും. ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കാണ് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നത്.”- അമിത് ഷാ കുറിച്ചു.
ബിഎസ്എഫ് എഡിജിയുടെ മേൽനോട്ടത്തിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. അതിർത്തി സുരക്ഷാ സേന, ഐജി, ബിഎസ്എഫിന്റെ ദക്ഷിണ ബംഗാൾ, ത്രിപുര ആസ്ഥാനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരുമാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി മേഖലകളിലെ അസ്ഥിരതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കമ്മിറ്റി നടപടി സ്വീകരിക്കും. സ്ഥിതിഗതികൾ വിലയിരുത്തി ബംഗ്ലാദേശിലെ അധികൃതരുമായി ബന്ധപ്പെടുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയുടെ രാജിയോടെ ബംഗ്ലാദേശിൽ വ്യാപക കൊള്ളയും ആക്രമണവുമാണ് ഉടലെടുത്തിരിക്കുന്നത്. സംവരണ വിരുദ്ധ പ്രക്ഷോഭക്കാരുടെ ആക്രമണത്തിൽ 500ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ ക്ഷേത്രങ്ങളും പ്രതിഷ്ഠകളും അടിച്ചു തകർക്കുകയും ചെയ്തു. ക്ഷേത്രത്തിലെ ജീവനക്കാർ തലനാരിഴ്‌ക്കാണ് രക്ഷപ്പെട്ടത്. അതേസമയം ബംഗ്ലാദേശിലെയും പശ്ചിമേഷ്യയിലെയും സംഭവവികാസങ്ങൾ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ബ്രിട്ടൺ വിദേശകാര്യ സെക്രട്ടറിയും ചർച്ച ചെയ്തിരുന്നു. ഷെയ്ഖ് ഹസീന യുകെയിലേക്ക് പോകുന്നുവെന്ന വാദങ്ങളിൽ ബ്രിട്ടൺ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയ വ്യക്തമായ മറുപടി നൽകിയിട്ടില്ല.