പാരിസ് ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ച് നീരജ് ചോപ്ര വെള്ളിമെഡൽ സ്വന്തമാക്കിയപ്പോൾ സമൂഹ മാദ്ധ്യമങ്ങളെ പിടിച്ചു കുലുക്കിയ ഒരു വാഗ്ദാനത്തിന് പുറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഒളിമ്പിക്‌സിൽ നീരജ് സ്വർണ മെഡൽ നേടുകയാണെങ്കിൽ എല്ലാവർക്കും ഫ്രീ വിസ നൽകാമെന്നായിരുന്നു വിസ സ്റ്റാർട്ട് അപ്പ് കമ്പനിയായ അറ്റ്‌ലിസിന്റെ സ്ഥാപകനും സിഇഒയുമായ മൊഹാവ്ക് നഹ്തയുടെ വാഗ്ദാനം. ഇന്നലെ നടന്ന മത്സരത്തിൽ നീരജിന് സ്വർണ മെഡൽ നേടാനായില്ലെങ്കിലും തന്റെ വാഗ്ദാനം പാലിച്ചിരിക്കുകയാണ് മൊഹാവ്ക് നഹ്ത. അതിന് പിന്നിലൊരു കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു.
” മെഡലിന്റെ കളറിലല്ല കാര്യം, നമ്മുടെ സ്‌പോർട്‌സ്മാൻ സിപിരിറ്റിലാണ് കാര്യം. നമ്മുടെ രാജ്യത്തിനായി നീരജ് മെഡൽ നേടിയിരിക്കുന്നു. സ്വർണമോ വെള്ളിയോ ഏതുമായികൊള്ളട്ടെ ഞാൻ നിങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നു. എല്ലാ ഭാരതീയർക്കും ഒരു ദിവസത്തേക്കുള്ള ഫ്രീ വിസ നൽകുന്നതാണ്.”- മൊഹാവ്ക് നെഹ്ത കുറിച്ചു.

ഇ-മെയിൽ വഴി ഫ്രീ വിസയ്‌ക്കായി അപേക്ഷിച്ച എല്ലാ ഇന്ത്യക്കാർക്കും ഇത് എങ്ങനെ ലഭിക്കുമെന്ന വിവരങ്ങൾ അടങ്ങിയ ഇ-മെയിൽ കമ്പനി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനം പാലിച്ചതിൽ നിരവധി പേരാണ് മൊഹാവ്ക്കിന് അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയത്. നിങ്ങൾ നൽകിയ വാഗ്ദാനം പാലിച്ചെന്നും കനേഡിയൻ വിസയ്‌ക്ക് അപേക്ഷിച്ചിരുന്നു, വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരു ഉപഭോക്താവ് കുറിച്ചു.
പാരിസ് ഒളിമ്പിക്‌സ് ജാവലിൻ ത്രോയി ഫൈനലിൽ നീരജ് തന്റെ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും സുവർണ പ്രതീക്ഷകൾ വെള്ളിവെളിച്ചത്തിലേക്ക് നീങ്ങുകയായിരുന്നു. പാകിസ്താന്റെ അർഷാദ് നദീമാണ് സ്വർണം നേടിയത്.















