ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും കോൺഗ്രസ് പാർട്ടിയേയും രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂർ. ഗാസ വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും കാട്ടുന്ന ആശങ്ക ബംഗ്ലാദേശിൽ അതിക്രമങ്ങൾക്കിരയാകുന്ന ഹിന്ദുക്കളോടും മറ്റ് ന്യൂനപക്ഷങ്ങളോടും കാട്ടുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസിനെ അഭിനന്ദിച്ചതിനൊപ്പം അവിടുത്തെ ഹിന്ദുക്കളുടെയും മതന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലെ അഭിനന്ദന സന്ദേശങ്ങളിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് പരാമർശിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്യാത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘ കോൺഗ്രസ് പാർട്ടി ഗാസയെക്കുറിച്ച് വലിയ പ്രസ്താവനകൾ നടത്തുകയും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. രാഹുലും പ്രിയങ്കയും ഗാസയെക്കുറിച്ച് ദീർഘമായ ലേഖനങ്ങളാണ് എഴുതിയിരുന്നത്. അതേസമയം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ അവർ മൗനം പാലിക്കുകയാണെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. ബംഗ്ലാദേശിലെ അതിക്രമങ്ങളിൽ മൗനം പാലിക്കുന്നതിൽ നിന്നും അവരുടെ ഇരട്ടത്താപ്പ് വ്യക്തമാണെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.















