തിരുവനന്തപുരം: ബംഗ്ലാദേശിൽ ഭരണം അട്ടിമറിക്കപ്പെട്ട ശേഷം ഹിന്ദുക്കൾക്കെതിരെ അരങ്ങേറുന്ന വ്യാപക ആക്രമണത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ പ്രതിഷേധ ദീപം തെളിയിച്ചു. ഹിന്ദുക്കളെ വേട്ടയാടുമ്പോൾ ഇടതു – വലതു മുന്നണികളും സംസ്‌കാരിക നായകരും മൗനം പാലിക്കുകയാണെന്നും ഹൈന്ദവ സംഘടനാ നേതാക്കൾ ആരോപിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന ട്രഷറർ പി. ജ്യോതീന്ദ്രകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈന്ദവ സംഘടന നേതാക്കളായ സന്ദീപ് തമ്പാനൂർ, ബാബുക്കുട്ടൻ, ഷാജു വേണുഗോപാൽ വി.വി രാജേഷ് ജി കൃഷ്ണകുമാർ, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം അഡ്വ. അഞ്ജന ദേവി തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് ഉടനീളം വിവിധ കേന്ദ്രങ്ങളിൽ ഹിന്ദു ഐക്യവേദി പ്രതിഷേധം സംഘടിപ്പിച്ചുിരുന്നു. കോട്ടയത്ത് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ശങ്കു ടി ദാസ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ പ്രൊഫ. ടി ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. വൈക്കത്ത് പ്രതിഷേധത്തിൽ താലൂക്ക് പ്രസിഡന്റ് എസ് അപ്പു മുഖ്യപ്രഭാഷണം നടത്തി. പൊൻകുന്നത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച ശേഷം ഇസ്ലാമിക ജിഹാദി സംഘങ്ങൾ നടത്തുന്ന ഹിന്ദു വംശഹത്യക്കും ക്ഷേത്ര ധ്വംസനത്തിനും എതിരെയായിരുന്നു പ്രതിഷേധം.