സൗദി അറേബ്യ: ഭരണരംഗത്ത് സുപ്രധാന മാറ്റവുമായി സൗദി അറേബ്യ. ഭരണാധികാരി സൽമാൻ രാജാവിന്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും അഭാവത്തിൽ മന്ത്രിസഭ വിളിച്ചുകൂട്ടാൻ മുതിർന്ന അംഗത്തിന് അനുവാദം നൽകുന്ന ഉത്തരവ് പുറത്തിറക്കി.
രാജാവും പ്രധാനമന്ത്രിയും ഹാജരായില്ലെങ്കിലും അബ്ദുൾ അസീസ് രാജാവിന്റെ കൊച്ചുമക്കളിൽ നിന്നുള്ള മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗം അല്ലെങ്കിൽ രാജാവ് നിയോഗിക്കുന്നയാൾക്ക് മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കാമെന്നാണ് ഉത്തരവ്. വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് സൽമാൻ രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണത്തിന്റെ അടിസ്ഥാന നിയമം പരിശോധിച്ച ശേഷമാണ് രാജാവ് പൊതുതാൽപ്പര്യം മുൻനിർത്തി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹിജ്റ വർഷം 1414 ൽ പുറപ്പെടുവിച്ച രാജകൽപന പ്രകാരമുള്ള മന്ത്രിസഭാ നിയമത്തിലെ ഏഴാം വകുപ്പിൽ ഇളവ് വരുത്തിയാണ് പുതിയ തീരുമാനം.













