ആലുവ: പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ചവർ ബംഗ്ലാദേശ് കാണുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് എതിരായി നടക്കുന്ന അക്രമങ്ങളിൽ ഇവിടുത്തെ സാംസ്‌കാരിക നായകർ നടത്തുന്ന മൗനം കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആലുവയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘടനം ചെയ്യുകയായിരുന്നു ആർവി ബാബു.
പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ചവരാണ് കേരളത്തിലെ ഇടത്- വലത് മുന്നണികളും സാംസ്‌കാരിക നായകരും. ബംഗ്ലാദേശിൽ സർക്കാരിനെതിരായി ആരംഭിച്ച പ്രക്ഷോഭം ഹിന്ദു വിരുദ്ധ കലാപമായി മാറി. ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. ഈ സമയത്തും കേരളത്തിലെ സാംസ്‌കാരിക നായകർ മൗനം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു .
ബംഗ്ലാദേശ് വിമോചനകാലത്ത് സ്വാതന്ത്ര്യ സമരത്തിന്റെ പേരിൽ 3ലക്ഷംപേരെയാണ് ജമാഅത് ഇസ്ലാമി കൊന്നുതള്ളിയത്. റസാക്കന്മാർ എന്ന പേരിൽ പ്രത്യേക സംഘം ഉണ്ടാക്കിയാണ് അന്ന് കലാപം നടത്തിയത്. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാനാണ് റസാക്കർമാരെ ഉണ്ടാക്കിയതെന്നും ആർ വി ബാബു ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ അയൽ രാജ്യങ്ങളിൽ ഇന്ത്യാവിരുദ്ധ ഭരണകൂടങ്ങളെ സൃഷ്ടിക്കാൻ ആസൂത്രിതശ്രമം നടക്കുന്നതയും ആർ.വി ബാബു പറഞ്ഞു.















