ധാക്ക: ഹിന്ദു വംശഹത്യ രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ഹിന്ദു ജനത. നൂറുകണക്കിന് ആളുകളാണ് ധാക്കയിലെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
രക്ഷിക്കണമെന്ന് എഴുതിയ ബാനറുകളും പോസ്റ്ററുകളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ കലാപകാരികൾ രാജ്യമാകെ അഴിഞ്ഞാടുകയാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ചു. നിരവധി ഹിന്ദു ക്ഷേത്രങ്ങൾക്കും വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. നിരവധി ഹിന്ദു നേതാക്കളുടെ ജീവൻ പൊലിഞ്ഞു.
170 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് എട്ട് ശതമാനത്തോളം ഹിന്ദുക്കളാണ്. ഹസീനയുടെ അവാമി ലീഗിനെയാണ് ഹിന്ദുക്കളിൽ ഭൂരിഭാഗവും പിന്തുണയ്‌ക്കുന്നത്. ഇതാണ് കലാപകാരികളെ ചൊടിപ്പിക്കാനുള്ള പ്രധാന കാരണം. ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് പേരാണ് ഇന്ത്യയിലേക്ക് പലായനം ചെയ്യാനായി അതിർത്തികളിൽ കാത്തിരിക്കുന്നത്.
ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും ബംഗ്ലാദേശ് വേഗത്തിൽ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ തലവനായി സ്ഥാനമേറ്റെടുത്ത നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന് ആശംസകൾ അറിയിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.















