ഭോപ്പാൽ: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം വിവേക് സാഗർ പ്രസാദിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവ് ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവേക് സാഗറിനെ ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹം അഭിനന്ദനമറിയിക്കുകയും ചെയ്തു.
രാജ്യം മുഴുവൻ ഹോക്കി ടീമിന്റെ പ്രകടനത്തിൽ സന്തോഷത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വിജയത്തിൽ വിവേക് സാഗർ പ്രസാദിനും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ നേർന്ന മുഖ്യമന്ത്രി ഇതിന് ശേഷമാണ് പാരിതോഷികത്തിന്റെ കാര്യം അറിയിച്ചത്. ഹോക്കി ടീമിന്റെ കഠിനാധ്വാനം രാജ്യത്തെ മുഴുവൻ അഭിമാനത്തിലേക്ക് ഉയർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടാണ് വിവേക് സാഗർ. നർമദാപുരം ജില്ലയിൽ നിന്നുളള താരമാണ്. 2020 ൽ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ടീമിലും വിവേക് സാഗർ അംഗമായിരുന്നു. പാരിസിലെ വിജയം അറിഞ്ഞതിന് പിന്നാലെ വലിയ ആഘോഷമായിരുന്നു വിവേകിന്റെ ജൻമനാടായ ചന്ദൻ വില്ലേജിൽ അരങ്ങേറിയത്.