ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. അനന്ത്‌നാഗിലെ കൊക്കർനാഗിൽ അലാൻ ഗഡോൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് വിവരം. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
അഞ്ച് സേനാംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ രണ്ട് പേരാണ് പിന്നീട് വീരമൃത്യു വരിച്ചത്. കശ്മീർ പൊലീസും സിആർപിഎഫും ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നുണ്ട്.
വനത്തിൽ ഒളിച്ചിരുന്ന ഭീകരർ സൈനികർ അടുത്തുവരുന്നത് കണ്ട് ഇവർക്ക് നേരെ നിറയൊഴിക്കുകായിരുന്നു. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.