ദിസ്പൂർ: അസമിലും ബംഗ്ലാദേശിലും ഹിന്ദു ജനസംഖ്യ കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബംഗ്ലാദേശിലെ കലാപത്തിൽ ഹിന്ദുക്കൾ ഉൾപ്പെടെയുളള ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം വർദ്ധിച്ച സാഹചര്യത്തിലാണ് ബിശ്വ ശർമ്മയുടെ പരാമർശം. സമാന സാഹചര്യമാണ് പശ്ചിമ ബംഗാളിനെയും ജാർഖണ്ഡിനെയും കാത്തിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇതിനുമുൻപും അസമിലെ ഹിന്ദു ജനസംഖ്യയിലെ കുറവ് ഇതിനുമുൻപും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സെൻസസ് വിവരങ്ങളും കണക്കുകളും ചൂണ്ടിക്കാട്ടിയാണ് അസം മുഖ്യമന്ത്രിയുടെ പ്രസ്താവന. അസമിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള 2011 വരെയുള്ള സെൻസസ് കണക്കുകളാണ് ജനസംഖ്യാപരമായ ഈ മാറ്റം വ്യക്തമാക്കുന്നത്. 1951 മുതൽ 2011 വരെ അസമിലെ ഹിന്ദു ജനസംഖ്യ 9.23 ശതമാനവും ബംഗ്ലാദേശിൽ 13.5 ശതമാനവും കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയിലുടനീളം ഹിന്ദു ജനസംഖ്യ കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ കോൺഗ്രസ് മൗനം പാലിക്കുന്നതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കോൺഗ്രസിന് ഗാസയുടെ കാര്യത്തിൽ മാത്രമാണ് ആശങ്കയെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.”ഗാസയിൽ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ പ്രതിഷേധിച്ചു. എന്നാൽ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി അവർ എത്ര തവണ സംസാരിച്ചു? മുസ്ലീങ്ങൾക്കൊപ്പം അവരുണ്ട്, എന്നാൽ ഹിന്ദുക്കൾക്കൊപ്പമില്ല,” മുഖ്യമന്ത്രി പറഞ്ഞു.