ഹോസ്‌പേട്ട്: തുംഗഭദ്ര അണക്കെട്ടിന്റെ 19-ാം ഗേറ്റിലെ ചങ്ങല മുറിഞ്ഞ് 35,000 ക്യുസെക്‌സ് വെള്ളം നദിയിലേക്ക് ഒഴുക്കിവിടേണ്ടി വന്നു.ഡാമിന്റെ 19-ാം ഗേറ്റിന് കേടുപാടുകൾ സംഭവിച്ചു.ശനിയാഴ്ച അർദ്ധരാത്രിയാണ് സംഭവം
70 വർഷത്തിനിടക്ക് ആദ്യത്തെ സംഭവമാണിത്. അണക്കെട്ടിൽ നിന്ന് ഏകദേശം 60 ടിഎംസി അടി വെള്ളം (60 ആയിരം ദശലക്ഷം ഘനയടി വെള്ളം) തുറന്നുവിട്ടാൽ മാത്രമേ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുംഗഭദ്ര അണക്കെട്ടിൽ ആകെ 33 ഗേറ്റുകളാണുള്ളത്.
കൊപ്പൽ ജില്ലാ ചുമതലയുള്ള മന്ത്രി ശിവരാജ് തംഗദഗി ഞായറാഴ്ച പുലർച്ചെ അണക്കെട്ട് സന്ദർശിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിന് ശേഷം മർദ്ദം ക്രമീകരിക്കാൻ ഞായറാഴ്ച രാവിലെ മുതൽ തുംഗഭദ്ര അണക്കെട്ടിലെ 33 ഗേറ്റുകളിൽ നിന്നും വെള്ളം തുറന്നുവിടുകയാണ്. നിലവിൽ ഒരു ലക്ഷം ക്യുസെക്‌സ് വെള്ളമാണ് അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്നത്.
കർണാടക നീരാവാരി നിഗം ലിമിറ്റഡിന്റെ (കെഎൻഎൻഎൽ) ഇറിഗേഷൻ സെൻട്രൽ സോണിലെ (മുനീറാബാദ്) ഉദ്യോഗസ്ഥർ പറയുന്നത് റിസർവോയറിലെ ജലനിരപ്പ് കുറയ്‌ക്കുന്നതിനും അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനും അടുത്ത നാല് ദിവസത്തേക്ക് ഡിസ്ചാർജ് 2 ലക്ഷം ക്യുസെക്‌സ് ആയി ഉയർത്തേണ്ടിവരുമെന്നാണ്.















