തിരുവനന്തപുരം: സംസ്ഥാനത്ത് തോക്ക് ലൈസൻസ് നേടുന്നവരുടെ എണ്ണത്തിൽ വർദ്ധനയെന്ന് റിപ്പോർട്ട്. നിലവിൽ 7531 പേർക്കാണ് സംസ്ഥാനത്ത് തോക്ക് കൈകാര്യം ചെയ്യാൻ ലൈസൻസ് ഉള്ളത്. ജില്ലാ അടിസ്ഥാനത്തിൽ നോക്കിയാൽ കോട്ടയമാണ് മുന്നിൽ. 1562 കോട്ടയക്കാർക്ക് നിലവിൽ തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉണ്ട്.
സംസ്ഥാനത്ത് തോക്ക് ലൈസൻസിന് അപേക്ഷിച്ചവരുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. പുതിയതായി 500ൽ അധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഇവിടെയും കോട്ടയം മുന്നിലാണ്. 77 പേർ ജില്ലയിൽ നിന്ന് പുതിയതായി ലൈസൻസിന് അപേക്ഷിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്. 1278 പേർക്ക് ജില്ലയിൽ നിലവിൽ ലൈസൻസുണ്ട്. 52 പേർ പുതിയതായി അപേക്ഷ നൽകിയിട്ടുണ്ട്.
എന്നാൽ ലൈസൻസ് ഇല്ലാതെ തോക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഇതിലും കൂടുതലാകാമെന്നും റിപ്പോർട്ടുകളുണ്ട്. അനധികൃത തോക്ക് ഉപയോഗം ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമാണ്. അതേസമയം തോക്ക് ലൈസൻസ് ലഭിക്കാൻ പ്രത്യേക കോഴ്സ് നടപ്പാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണ്. അധികം വൈകാതെ ഇത് പ്രാവർത്തികമാകുമെന്നാണ് സൂചന.















