പ്രതാപം വീണ്ടെടുത്ത ബിഎസ്എൻഎൽ തേരോട്ടം ആരംഭിച്ചുകഴിഞ്ഞെന്ന് പറയാം. അതിശയിപ്പിക്കും വിധത്തിലുള്ള മാറ്റങ്ങളാണ് പണിപ്പുരയിൽ കമ്പനിയൊരുക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
മികച്ച സേവനങ്ങളുമായി ബിഎസ്എൻഎൽ 4ജി സേവനങ്ങൾ വരും മാസങ്ങൾക്കുള്ളിൽ സജ്ജമാകുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ അവസാനത്തോടെ 4ജി സേവനങ്ങൾക്കായി 80,000 ടവറുകളും 2025 മാർച്ചോടെ ബാക്കി 21,000 ടവറുകളും സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. 5ജി സേവനങ്ങളുടെ പരീക്ഷണങ്ങൾ ആരംഭിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 5 ജി ഡാറ്റയിലൂടെ വീഡിയോ കോൾ ചെയ്യുന്നതായിരുന്നു വീഡിയോ. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ടയിടങ്ങളിൽ 5ജി ട്രയലുകൾ ഉടൻ ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്.
ഡൽഹിയിലെ കോണാട്ട് പ്ലേസ്, ജെഎൻയു കാമ്പസ്, ഐഐടി, സഞ്ചാര ഭവൻ, ഇന്ത്യ ഹാബിറ്റാറ്റ് സെൻ്റർ എന്നിവിടങ്ങളിലും ഹൈദരബാദ് ഐഐടിയിലും ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളിലും ആദ്യഘട്ടത്തിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.















