പാരീസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഷൂട്ടറാണ് സ്വപ്നിൽ കുസാലെ . വ്യാഴാഴ്ച പൂനെ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ വാദ്യഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. കോലാപുരിൽനിന്നുള്ള കുസാലെ ശ്രീമന്ത് ദഗ്ഡുഷെത്ത് ഹൽവൈ ഗണപതിക്ഷേത്രം പ്രാർഥന നടത്തുകയും ചെയ്തു. ഇപ്പോഴിതാ മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത് .
‘ ഇത്രയും വർഷങ്ങൾക്ക് ശേഷം ഒരു വലിയ വേദിയിൽ രാജ്യത്തിനും സംസ്ഥാനത്തിനുമായി മെഡൽ നേടാനുള്ള അവസരം എനിക്ക് ലഭിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ മണ്ണിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഈ വിജയം എൻ്റേത് മാത്രമല്ല, എന്റെ കുടുംബത്തിനും, എന്റെ ഗുരുവിനും, പരിശീലകനും, എന്നെ സഹായിച്ച എല്ലാവർക്കും, സുഹൃത്തുക്കൾക്കും, സ്പോൺസർമാർക്കും അവകാശപ്പെട്ടതാണ്. അവർക്കെല്ലാം ഞാൻ ഈ മെഡൽ സമർപ്പിക്കുന്നു.വിദേശ താരങ്ങളുമായി കളിക്കുമ്പോഴാണ് സൗഹൃദബന്ധം രൂപപ്പെടുന്നത്. എന്റെ അടുത്ത പരിശീലനം പൂനെയിൽ വീണ്ടും ആരംഭിക്കും. ചില പോരായ്മകൾ കാരണം ഈ വർഷം സ്വർണമെഡൽ നേടാനായില്ല. ഞാൻ പരിശീലനംമെച്ചപ്പെടുത്തുകയും മത്സരത്തിന് തയ്യാറാകുകയും ചെയ്യും ‘ – എന്നാണ് കുസാലെ പറഞ്ഞത്.















