ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവിൽ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചെങ്കിലും ബംഗ്ലാദേശിലെ കലാപങ്ങൾ കെട്ടടങ്ങിയില്ല. രാജ്യ തലസ്ഥാനമായ ധാക്കയിലും ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലും പ്രതിഷേധക്കാർ ഇരച്ചു കയറി ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ലക്ഷണക്കണക്കിന് കലാപകാരികൾ അണിനിരന്ന റാലിക്കാണ് ധാക്ക നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്.
ബംഗ്ലാദേശിലെ 52 ജില്ലകളിലായി 205 ഇടങ്ങളിൽ ഹിന്ദുക്കൾക്കെതിരായുള്ള ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്ഷേത്രങ്ങളും പ്രതിഷ്ഠങ്ങളും അടിച്ചു തകർത്ത പ്രതിഷേധക്കാർ അവാമി ലീഗ് പാർട്ടി നേതാവിന്റെ വീട് തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇടക്കാല സർക്കാർ അധികാരമേറ്റിട്ടും ബംഗ്ലാദേശിൽ കലാപങ്ങൾ കെട്ടടങ്ങാത്ത സാഹചര്യമാണുള്ളത്. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ അപലപിച്ച് ഇടക്കാല സർക്കാരിന്റെ നേതാവായ പ്രൊഫ. മുഹമ്മദ് യൂനൂസ് രംഗത്തെത്തി. ഹിന്ദുക്കളും ന്യൂനപക്ഷ വിഭാഗങ്ങളും ബംഗ്ലാദേശിലെ ജനങ്ങളാണെന്നും അവരെ ഉപദ്രവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തെ രക്ഷിച്ച നിങ്ങൾക്ക് ഏതാനും കുടുംബങ്ങളെ സംരക്ഷിക്കാൻ കഴിയില്ലേയെന്നും അദ്ദേഹം പ്രതിഷേധക്കാരോട് ചോദിച്ചു.
ന്യൂനപക്ഷ വിഭാഗക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തുമെന്നും യൂനൂസ് പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംരക്ഷണം ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങളിൽ അപലപിച്ച് ഇടക്കാല സർക്കാർ രംഗത്തെത്തിയത്.















