ന്യൂഡൽഹി: ടിമോർ ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആശംസകളറിയിച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. പൊതുസേവനം, സാമൂഹികക്ഷേമം, സ്ത്രീ ശാക്തീകരണം എന്നിവക്കുള്ള സമർപ്പണബോധത്തിന്റെ അംഗീകാരമാണ് ഈ പുരസ്കാരമെന്ന് മണിക് സാഹ എക്സിൽ കുറിച്ചു.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ടിമോർ ലെസ്റ്റെയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ പുരസ്കാരം നൽകി രാജ്യം ആദരിച്ചതിന് സന്തോഷവും അഭിമാനവുമുണ്ട്. ഇന്ത്യയും ടിമോർ- ലെസ്റ്റെയും തമ്മിലുള്ള ഉഭയകക്ഷി- സൗഹൃദ ബന്ധത്തിന്റെ ഭാഗമാണ് ഈ അംഗീകാരമെന്നും മണിക് സാഹ എക്സിൽ കുറിച്ചു.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. എല്ലാ ഇന്ത്യക്കാരുടെയും അഭിമാന നിമിഷമാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ അടയാളപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി എക്സിലൂടെ പറഞ്ഞു.
പൊതുസേവനം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ് രാഷ്‌ട്രപതിക്ക് പുരസ്കാരം നൽകിയത്. രാഷ്‌ട്രപതിയുടെ വർഷങ്ങളായുള്ള പൊതുസേവനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഫിജി, ന്യൂസിലാൻഡ് സന്ദർശനത്തിന് ശേഷമാണ് രാഷ്‌ട്രപതി ടിമോർ ലെസ്റ്റെയിലെത്തിയത്.















